ആഗ്ര: ലക്നൗ-ആഗ്ര എക്സ്പ്രസ് ഹൈവേയിലുണ്ടായ ബസ് അപകടത്തിൽ 29 പേർ മരിച്ചു. 16 പേർക്ക് പരിക്കേറ്റു. ഇന്നു പുലർച്ചെ 4.15ഓടെയാണ് അപകടമുണ്ടായത്. ലക്നൗവിൽനിന്നും ഡൽഹിക്കു പോകുകയായിരുന്ന ഡബിൾഡക്കർ ബസ് കനാലിലേക്ക് മറിയുകയായിരുന്നു. അന്പതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് യമൂന എക്സ്പ്രസ് ഹൈവേ കോ-ഓർഡിനേറ്റർ ഇൻ ചാർജ് മനീഷ് സിംഗ് പറഞ്ഞു. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള യുപിഎസ്ആർടിസിയുടെ ബസാണ് അപകടത്തിൽപ്പെട്ടത്. ഡിവൈഡറിൽ ഇടിച്ച ശേഷം ബസ് 40 അടിതാഴ്ചയിലേക്ക് മറിയുകയായിരുന്നു. ഹൈവേയിലെ രണ്ട് ഫ്ളൈഓവറുകൾക്കിടയിലേക്കാണ് ബസ് മറിഞ്ഞത്.
പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാനാണ് സാധ്യതയെന്നും ഡോക്ടർമാർ അറിയിച്ചു. പോലീസും ജില്ലാ ഭരണാധികാരികളും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.
ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് ആവശ്യമായ വൈദ്യസഹായം നൽകാനും നിർദേശിച്ചു. അപകടത്തിൽമരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മുഖ്യമന്ത്രി ഉത്തരവിട്ടു.