പേരാമ്പ്ര : കുറ്റ്യാടി – ഉള്ള്യേരി പാതയില്‍ സ്വകാര്യ ബസുകളുടെ മല്‍സര ഓട്ടത്തെ തുടര്‍ന്ന് അപകടം തുടര്‍ക്കഥയാവുന്ന സാഹചര്യത്തിൽ സർവീസ് നടത്തിപ്പ് സംബന്ധിച്ചു അന്വേഷണം വേണമെന്നു പേരാമ്പ്ര മേഖല പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒരുമാസത്തിനിടെ നാലോളം ജീവനുകളാണ് ബസുകളുടെ അമിത വേഗതയും ഡ്രൈവര്‍മാരുടെ അശ്രദ്ധയും മൂലം നഷ്ടപ്പെട്ടത്. ഇന്നലെ കാലത്ത് പത്തരയോടെ സിഗ്മ കമ്പനിയുടെ രണ്ട് ബസുകള്‍ തമ്മിലുള്ള മല്‍സര യോട്ടത്തിൽ വെള്ളിയൂരിനടുത്ത് പുതിയപുറത്ത് ഒരു വയോധികനു റോഡിൽ ദാരുണാന്ത്യം സംഭവിച്ചു.
ഒരു ബസ് മറ്റേ ബസിനെ മറികടക്കുന്നതിനിടയില്‍ സമീപത്തെ പോക്കറ്റ് റോഡില്‍ നിന്ന് മെയിന്‍ റോഡിലേക്ക് കയറിവന്ന സ്കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ടു വലിച്ചിഴക്കുകയായിരുന്നു. അമിത വേഗതയില്‍ വന്ന ബസ് ഇരു ചക്ര യാത്രക്കാരനുമായി 40 മീറ്ററോളം മുന്നോട്ട് പോയ ശേഷമാണ് നിന്നത്. ഇയാള്‍ സഞ്ചരിച്ച സ്കൂട്ടര്‍ ബസിന്റെ മുന്‍ ചക്രത്തിനുള്ളില്‍ കുടുങ്ങി കിടക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ക്ക് ഇയാളെ ബസിനുള്ളില്‍ നിന്നെടുക്കാന്‍ ഏറെ പ്രയാസപ്പെടേണ്ടി വന്നു.
കാലിനും തലക്കും സാരമായി പരുക്കേറ്റ ഇയാളെ മലബാര്‍ മെഡിക്കല്‍ കോളജിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബസുകളുടെ മല്‍സര ഓട്ടമാണ് അപകടത്തിന് കാരണമെന്ന് ബസിലുള്ള യാത്രക്കാരും നാട്ടുകാരും സാക്ഷ്യപ്പെടുത്തുകയുണ്ടായി. അപകടമുണ്ടാക്കിയ ബസ് പേരാമ്പ്ര മുതല്‍ അമിത വേഗതയിലായിരുന്നെന്നും ഇത് കാരണം യാത്രക്കാര്‍ ബഹളമുണ്ടാക്കിയിരുന്നതായും യാത്രക്കാര്‍ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിലാണു ഈ റൂട്ടിലെ സ്വകാര്യ ബസ് സർവീസിനെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യമുയരാൻ കാരണം. പല ബസ് സർവീസുകളും വാടക രീതിയിലാണു ഓടുന്നതെന്നാണു സൂചന. ഓണറിൽ നിന്നു വാടക നിശ്ചയിച്ചു ബസ് സർവീസ് നടത്തുന്ന പരിപാടി കോഴിക്കോട് പേരാമ്പ്ര കുറ്റ്യാടി റൂട്ടിലുണ്ടെന്ന സംശയവും ആക്ഷേപവും നിലനിൽക്കുന്നുണ്ട്.
കളക്ഷൻ കൂട്ടാനായി റോഡിൽ ഇത് മത്സരത്തിനു കളമൊരുക്കുന്നുവെന്നു പാസഞ്ചേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. പ്രധാന സ്റ്റാൻഡുകളിൽ സർവീസ് നിയന്ത്രിക്കുന്ന ബ്രോക്കർമാരുടെ ഇടപെടലും അപകടത്തിനിടയാക്കുന്നു.