ചിറ്റൂർ: പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി മാട്ടുമന്തയിൽ സ്ലീപ്പർ കോച്ച് ബസ് മരത്തിലിടിച്ചു മറിഞ്ഞ് 28 പേർക്ക് പരിക്കേറ്റു. ഇന്നുപുലർച്ച 3.10ന് മാട്ടുമന്ത വളവുറോഡിലായിരുന്നു അപകടം. റോഡിനു കിഴക്കുഭാഗത്തെ ചെളിക്കണ്ടത്തിലേക്കാണ് ബസ് മറിഞ്ഞത്. ഇതിനാൽ വൻദുരന്തമാണ് ഒഴിവായത്. മാട്ടുമന്ത എസ് വളവിലുണ്ടായിരുന്ന മരത്തിലിടിച്ചു നിയന്ത്രണംവിട്ടാണ് ബസ് മറിഞ്ഞത്. ബംഗളുരുവിൽനിന്നും കൊട്ടാരക്കരയിലേക്കു പോയിരുന്ന ലക്ഷ്വറി ബസാണ് അപകടത്തിലായത്. സംഭവസമയത്ത് യാത്രക്കാരെല്ലാം നല്ല ഉറക്കത്തിലായിരുന്നു.
അപകടത്തിൽപ്പെട്ട ബസിന്റെ ഗ്ലാസ്സുകൾ പൊട്ടിച്ചാണ് അകത്തു കുടുങ്ങിയവരെ പുറത്തെടുത്തത്. അപകടത്തിൽ പരിക്കേറ്റ ആർപ്പൂക്കര ജുബിൻ ജോർജ് (20), കൊട്ടാരക്കര മഹേഷ് (26), വേലുപ്പറന്പ് സന്തോഷ് രാജ് (39) തിരുവല്ല പ്രിയങ്ക(32), ഗുരുവായൂർ മനത്തോടത്ത് വിനോദ് (23), പാലക്കാട് കൊടുവായൂർ ടിന്റു, മലപ്പുറം മുഹമ്മദ് (21), ചങ്ങനാശേരി ബിജു ആന്റണി (46), ചെങ്ങന്നൂർ റിജു, ആലപ്പുഴ പൊന്നമ്മ (59) എന്നിവരെ ചിറ്റൂർ താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ പാലക്കാട് ജില്ലാ, സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്.
അപകടം പുലർച്ചെയായതിനാൽ രക്ഷാപ്രവർത്തനം ആദ്യം വൈകിയെങ്കിലും ഉടൻതന്നെ ചിറ്റൂർ പോലീസെത്തി നടപടികൾ സ്വീകരിച്ചു. ബസിനടിയിൽപ്പെട്ട നാലുപേരെ ക്രെയിൻകൊണ്ടു വന്ന് ബസ് പൊക്കിയാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
ചളിക്കണ്ടത്തിൽ ബസിനകത്തുണ്ടായിരുന്ന ലഗേജ് ചിതറിക്കിടക്കുകയാണ്. വിലപ്പെട്ട ഉരുപ്പടികൾ പോലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. കൊഴിഞ്ഞാന്പാറ നല്ലേപ്പിള്ളി പഞ്ചായത്ത് അതിർത്തി മാട്ടുമന്തയിൽ കൊടും വളവുകളാണുള്ളത്. കഴിഞ്ഞ പത്തു ദിവസത്തിനിടെ മാത്രം മാട്ടുമന്ത കള്ളുഷാപ്പിനു സമീപം അഞ്ചു വാഹനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു.
ഫയർഫോഴ്സ് ലീഡിംഗ് ഫയർമാൻ നൗഷാദ്, ഷാജിമോൻ, ശിവദാസ്, സജിത്ത്, കലാധരൻ, രമേശ്, പ്രണവ്, പ്രതീപ് ഉൾപ്പടെയുള്ള പതിനഞ്ചംഗ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.