പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരത്തില്‍ ഇന്നലെ ഉച്ചക്ക് ഒന്നരയോടെ അരങ്ങേറിയത് സ്വകാര്യ ബസ് ഡ്രൈവറുടെ ക്രൂരത.സ്കൂട്ടര്‍ യാത്രികനെ ഇടിച്ച് വീഴ്ത്തിയിട്ടും ആവശ്യമായ വൈദ്യസഹായം പോലും ലഭ്യമാക്കാതെ ബസ് ഓടിച്ചുപോയി.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പയ്യന്നൂര്‍ ഇന്‍സ്റ്റൈല്‍ ടൈലേര്‍സ് ഉടമ ചൂരക്കാട്ട് രവീന്ദ്രനെ(60) കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കി.
ഇന്നലെ ഉച്ചക്ക് ഒന്നരയോടെ പയ്യന്നൂര്‍ മെയിന്‍ റോഡില്‍ മുകുന്ദ ആശുപത്രിക്ക് സമീപമാണ് അപകടം. റോഡരികിലൂടെ പോകുകയായിരുന്ന സ്കൂട്ടറിനെ മറികടക്കാനുള്ള വ്യഗ്രതയില്‍ പിറകില്‍ വരികയായിരുന്ന ബസ് ഇടിച്ചു തെറിപ്പിക്കുയായിരുന്നു. അപകടത്തില്‍ രവീന്ദ്രന് വയറ്റില്‍ ആഴത്തിലുള്ള മുറിവുണ്ട്. തലച്ചോറില്‍ രക്തസ്രാവവും നട്ടെല്ലിന് ക്ഷതവും ഏറ്റിട്ടുണ്ട്.
ആദ്യ ശസ്ത്രക്രിയക്ക് ശേഷവും രവീന്ദ്രന്റെ നില ഗുരുതരമായി തുടര്‍ന്നതിനാല്‍ രാത്രി എട്ടോടെ വീണ്ടും ശസ്ത്രക്രിയക്ക് വിധേയനാക്കി. അപകട ശേഷം ബസ് നിര്‍ത്തിയെങ്കിലും പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ പോലും തയാറാകാതെ വീണ്ടും ഓടിച്ചു പോവുകയായിരുന്നെന്ന് ഓടികൂടിയവര്‍ പറഞ്ഞു.
ബസിന്റെ പിന്നിലെ ടയറുകള്‍ രവീന്ദ്രന്റെ ദേഹത്ത് കൂടി കയറി ഇറങ്ങാതിരുന്നത് തലനാരിഴയുടെ വ്യത്യാസത്തിലാണെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.സംഭവ സ്ഥലത്ത് നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് സ്വമേധയാ കേസെടുത്തുവെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും പയ്യന്നൂര്‍ എസ്ഐ ശ്രീജിത്ത് കൊടേരി പറഞ്ഞു.