കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിംഗ് കോളജിൽനിന്നു പഠനയാത്ര പോയ വിദ്യാർഥികളുടെ ബസ് കർണാടകത്തിലെ ചിക്മംഗളൂരുവിൽ അപകടത്തിൽപ്പെട്ടു മരിച്ച വിദ്യാർഥിനികളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. മുണ്ടക്കയം വരിക്കാനി വളയത്തിൽ ദേവസ്യ കുരുവിള (എഎസ്ഐ, പീരുമേട് പോലീസ് സ്റ്റേഷൻ) മകൾ മെറിൻ സെബാസ്റ്റ്യൻ (20), വയനാട് സുൽത്താൻ ബത്തേരി തൊടുവെട്ടി പുത്തൻകുന്ന് പാലീത്ത്മോളേൽ പി.ടി. ജോർജിന്റെ (സബ് ഇൻസ്പെക്ടർ കേരള പോലീസ്) മകൾ ഐറിൻ മരിയ ജോർജ് എന്നിവരാണു മരിച്ചത്.
ഐറിന്റെ സംസ്കാരം ഇന്നു രാവിലെ 10.30നു ബത്തേരി തൊടുവെട്ടി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലും മെറിന്റെ സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30നു മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പള്ളിയിലും നടക്കും. മൂന്നാം വർഷ ഇലക്ട്രോണിക്സ് എൻജിനിയറിംഗ് വിദ്യാർഥികൾ രണ്ടു ബസുകളിലാണു പഠനയാത്ര പുറപ്പെട്ടത്.
കർണാടകയിലെ മാഗഡി അണക്കെട്ടിനുസമീപം വെള്ളിയാഴ്ച രാത്രി 8.30ന് ഒരു ബസ് നിയന്ത്രണം വിട്ടു മറിഞ്ഞായിരുന്നു അപകടം. ട്രാക്ടറിന് സൈഡ് കൊടുക്കുന്നതിനിടെ ബസ് അപകടത്തിൽപ്പെടുകയായിരുന്നു. കനത്ത മൂടൽമഞ്ഞും ഉണ്ടായിരുന്നു. നിലവിളി കേട്ട് സമീപവാസികളാണ് അപകടവിവരം ആദ്യം അറിഞ്ഞെത്തിയത്. ജെസിബി ഉപയോഗിച്ച് ബസ് ഉയർത്തിയശേഷമാണ് ബസിനടിയിൽപ്പെട്ട മെറിനെയും ഐറിനെയും പുറത്തെടുത്തത്. മെറിൻ സംഭവസ്ഥലത്തും ഐറിൻ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയും മരിച്ചു. പരിക്കേറ്റ വിദ്യാർഥി ടി. തുഷാദയെ മംഗലാപുരം ഫാ. മുള്ളർ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. പരിക്കേറ്റ നിധിൻ ജോർജ്, ഡയാന ജോസഫ്, സാന്ദ്ര അന്ന ജോണ്, ജോഷ്വ ജേക്കബ്, ഷബാന നസറുദീൻ, ഷബാനയുടെ മാതാവ് ഷാഹിന എന്നിവർ ചികിത്സയ്ക്കുശേഷം ഇന്നലെ രാത്രി നാട്ടിലെത്തി.
കോളജ് അധികൃതരുടെ ഇടപെടലിനെത്തുടർന്ന് ഭദ്രാവതി, മാണ്ഡ്യ രൂപതകളിലെ വൈദികർ സംഭവസ്ഥലത്തെത്തി വേണ്ട ക്രമീകരണങ്ങളുടെ ചുമതല വഹിച്ചു. എംഎൽഎയും ചിക്മഗളൂരുവിലെ എസ്പിയും സ്ഥലത്തെത്തിയിരുന്നു. ഇവരുടെ ശ്രമഫലമായിട്ടാണ് ഇന്നലെ രാവിലെതന്നെ പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കിയത്. മെറിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചശേഷം നാളെ ഉച്ചകഴിഞ്ഞു മൂന്നു മുതൽ അമൽജ്യോതി കോളജിൽ പൊതുദർശനത്തിനു വയ്ക്കും.