സ്വന്തം ലേഖകൻ
കൊണ്ടാഴി (തൃശൂർ): തൃശൂർ – പഴയന്നൂർ സംസ്ഥാനപാത കൊണ്ടാഴിയിൽ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്ക്. തൃശൂരിൽ നിന്ന് തിരുവില്വാമലയിലേക്കവരികയായിരുന്ന സുമംഗലി ബസാണ് അപകടത്തിൽപ്പെട്ടത്.
ഇന്നുരാവിലെ 7.30ന് ആയിരുന്നു അപകടം. മറ്റൊരു ബസിന് സൈഡ് കൊടുക്കുന്നതിനിടെ സുമംഗലി ബസ് ഏകദേശം പത്തടി താഴ്ചയിലേക്കു മറിയുകയായിരുന്നു. ബസിൽ അപ്പോൾ 30 ലധികം യാത്രക്കാർ ഉണ്ടായിരുന്നു.
ഉടനെ ഓടിയെത്തിയ നാട്ടുകാരും, പോലീസും ചേർന്ന് പരിക്കേറ്റവരെ അടുത്തുള്ള പഴയന്നൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
യാത്രക്കാർക്കു നിസാര പരിക്കാണെങ്കിലും ബസിന്റെ ഡ്രൈവർക്കും ഒരു യാത്രക്കാരിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റി.
സംസ്ഥാനപാതയിൽ പണി നടക്കുന്നതിനാൽ ഗതാഗതം ചെറിയ വഴിയിലൂടെ തിരിച്ചുവിട്ടിരുന്നു. ഇതുവഴി വരുന്പോൾ മറ്റൊരു ബസിനു സൈഡ് കൊടുക്കുന്നതിനിടെ ബസ് മറിയുകയായിരുന്നെന്ന് ദൃക്സാക്ഷികളും യാത്രക്കാരും പറഞ്ഞു. രാവിലെയായതിനാൽ നിരവധി സ്കൂൾ കുട്ടികളും ബസിലുണ്ടായിരുന്നു. പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.