ഇരിങ്ങാലക്കുട: കൊടുങ്ങല്ലൂർ-തൃശൂർ സംസ്ഥാനപാതയിൽ ഇരിങ്ങാലക്കുട മാപ്രാണത്ത് രണ്ടു സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 25 ലധികം പേര്‍ക്ക് പരിക്ക്. രണ്ടു പേരുടെ നില ഗുരുതരം.
ഇന്ന് രാവിലെ ഏഴോടെ മാപ്രാണം വർണ തിയറ്ററിനു സമീപമാണു അപകടം നടന്നത്. എ.കെ. സണ്‍സ് എന്ന സ്വകാര്യ ബസിനു പിറകില്‍ അമിതവേഗതയിലെത്തിയ എം.എസ്. മോനോന് എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് വന്നിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ എ.കെ. സണ്‍സ് എന്ന സ്വകാര്യ ബസ് മുന്നില്‍ പോയിരുന്ന നെല്ലിക്ക കയറ്റി വില്പന നടത്തിയിരുന്ന ഓട്ടോ റിക്ഷയിലും ഇടിച്ചു.
എം.എസ്. മേനോന് എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഇരു ബസുകളും ഇരിങ്ങാലക്കുടയില്‍നിന്നു തൃശൂരിലേക്ക് പോകുകയായിരുന്നു.
രാവിലെ തൃശൂരില്‍ ജോലിക്കു പോകുന്നവരും പഠനത്തിനു പോകുന്ന വിദ്യാര്‍ഥികളുമാണ് ബസിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ബസില്‍ വീണും കമ്പികളില്‍ തലയിടിച്ചുമാണ് പലർക്കും പരിക്കേറ്റത്.
പരിക്കേറ്റവരിൽ കൂടുതലും ലിമിറ്റഡ് സ്റ്റോപ്പ് ബസിലുള്ളവരായിരുന്നു. ഇവരെ അടുത്തുള്ള മാപ്രാണം ലാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തലയ്ക്കും മുഖത്തിനുമാണ് കൂടുതല്‍ പേര്‍ക്കും പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ വിദഗ്ധ ചികില്‍സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തെ തുടര്‍ന്ന് സംസ്ഥാനപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. ലിമിറ്റഡ് സ്റ്റോപ്പ് അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.