നാടിന്റെ ബസ് ഓടി, യാത്രക്കാരിയുമായി ആശുപത്രിയിലേക്ക്. ബസ് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരിയെ ആശുപത്രിയിലെത്തിക്കാൻ ട്രിപ്പ് പാതിവഴിയിൽ മുടക്കിയാണ് നെടുങ്കണ്ടം – ആനക്കല്ല് റൂട്ടിലെ ജനമൈത്രി ബസ് ഓടിയത്.
കഴിഞ്ഞദിവസം രാവിലെ 9.10-ന് ആനക്കല്ലിൽനിന്ന് നെടുങ്കണ്ടത്തേക്ക് പുറപ്പെട്ടതായിരുന്നു നാട്ടുകാരുടെ സ്വന്തം ബസായ ജനമൈത്രി. പെട്ടെന്നാണ് ഒരു യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി സഹയാത്രിക അറിയിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ട സ്ത്രീയെ എത്രയുംവേഗം ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള തയാറെടുപ്പായിരുന്നു പിന്നീട്.
സ്റ്റോപ്പുകളിലൊന്നും നിർത്താതെ വേഗത്തിൽ ബസ് നെടുങ്കണ്ടത്തേക്ക് കുതിച്ചു. വഴിയിൽ നിരവധി യാത്രക്കാരുണ്ടായിരുന്നെങ്കിലും ഡ്രൈവർ രഞ്ജിത്തും കണ്ടക്ടർ ജയിംസും ബസ് നിർത്താതെ ആശുപത്രിയിലേക്കു പോകുകയായിരുന്നു.
നെടുങ്കണ്ടം കിഴക്കേകവലയിൽനിന്നും താലൂക്ക് ആശുപത്രിയിലേക്ക് ബസ് കൊണ്ടുപോകുന്നതിന് ബുദ്ധിമുട്ടായതിനാൽ വാഹനം അവിടെനിർത്തി ഒരു ഒട്ടോയിൽ നാട്ടുകാരുടെ സഹായത്തോടെ യാത്രക്കാരിയെ ആശുപത്രിയിലേക്ക് അയച്ചു.
ശാരീരിക ബുദ്ധിമുട്ടുകളെതുടർന്ന് ആശുപത്രിയിലേക്ക് പോകുന്നതിനായാണ് ആനക്കല്ല് സ്വദേശിനിയായ മംഗലത്ത് പൊന്നമ്മയും ഭർത്താവും രാവിലെ ജനമൈത്രി ബസിൽ കയറിയത്. യാത്രയ്ക്കിടെ പൊന്നമ്മയ്ക്ക് നെഞ്ചുവേദന കലശലായി. അടുത്ത സീറ്റിലിരുന്ന സഹയാത്രിക ഇവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി ബസ് ജീവനക്കാരെ അറിയിക്കുകയുമായിരുന്നു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് പൊന്നമ്മ.
നാട്ടുകാരുടെ കൂട്ടായ്മയിൽ സർവീസ് നടത്തുന്ന ബസാണ് ജനമൈത്രി. നെടുങ്കണ്ടം പഞ്ചായത്തിലെ കിഴക്കൻ മേഖലകളായ കോന്പയാർ, ആനക്കല്ല്, പാലാർ, തേവാരംമെട്ട്, പട്ടത്തിമുക്ക് തുടങ്ങിയ പ്രദേശങ്ങളിലെ ആയിരക്കണക്കിന് ആളുകളുടെ ഏക ആശ്രയമാണ് ഈ ബസ്.
ബസ് സർവീസിനുപുറമെ പ്രദേശത്തിന്റെ സാമൂഹിക സാംസ്കാരിക ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് ജനമൈത്രി. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും ജനമൈത്രി ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്.
കോന്പയാർ സ്വദേശിയായ അമൽ ചാക്കോയുടെ ചികിത്സാസഹായ നിധിയിലേക്ക് ഫണ്ട് കണ്ടെത്തുന്നതിനാണ് ഇന്നലെ ജനമൈത്രി സർവീസ് നടത്തിയത്. രക്താർബുദത്തെതുടർന്ന് ചികിത്സയിലാണ് അമൽ.
ഒരുദിവസത്തെ വരുമാനം അമലിന്റെ ചികിത്സാചെലവിലേക്ക് മാറ്റി വെച്ചിരിക്കുകയാണ് ജനമൈത്രി. നാട്ടുകാരുടെ സ്വന്തം ബസിന് എല്ലാവിധ സഹകരണവുമായി യാത്രക്കാരും ഉദ്യമത്തിൽ പങ്കാളികളായി.