വടക്കഞ്ചേരി: യാത്രയ്ക്കിടെ ഫിറ്റ്സിന്റെ ലക്ഷണത്തോടെ അവശയായ കുട്ടിയെ അതേ ബസിൽ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാർ മാതൃകയായി. വടക്കഞ്ചേരി-മംഗലംഡാം ഒലിപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് ബേസിൽ ബസിലെ ഡ്രൈവർ പ്രകാശനും കണ്ടക്ടർ മഹേഷുമാണ് മനുഷ്യത്വ സമീപനത്തിലൂടെ യാത്രക്കാരുടെയും നാട്ടുകാരുടെയുമെല്ലാം പ്രിയപ്പെട്ടവരായത്.
ഇന്നലെ ഉച്ചയ്ക്ക് 12ന് ഒലിപ്പാറയിൽനിന്നും ഡാമിലേക്ക് തിരിച്ചുവരുന്പോൾ വീട്ടിക്കൽകടവിലായിരുന്നു സംഭവം. രണ്ട് ചെറിയ കുട്ടികളുമായി ബസിൽ കയറിയ സ്ത്രീയുടെ ഇളയ കുട്ടിയാണ് പെട്ടെന്ന് ഫിറ്റ്സിന്റെ ലക്ഷണത്തോടെ അവശയായത്.
ഉടനേ ബസ് ലൈറ്റിട്ട് സ്റ്റോപ്പുകളിൽനിന്നും മറ്റു യാത്രക്കാരെ കയറ്റാതെ മംഗലംഡാമിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ എത്തിക്കുയായിരുന്നു. ബസ് ജീവനക്കാരുടെ സമയോചിത ഇടപെടലിനെ സ്ഥലത്തെത്തിയവർ അഭിനന്ദിച്ചു.