മട്ടാഞ്ചേരി: ഫോർട്ടുകൊച്ചിയിൽ വിദ്യാർഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസിനു മുകളിലേക്ക് തണൽ മരം ഒടിഞ്ഞ് വീണ് ഡ്രൈവർക്ക് പരിക്കേറ്റു. അപകട സമയത്ത് ബസിൽ ഡൈവറെക്കൂടാതെ ആറ് കുട്ടികളും ആയയും മാത്രം ഉണ്ടായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഇവർ ബസിന്റെ പിൻഭാഗത്തായിരുന്നു ഇരുന്നത്. ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു.
ഇന്ന് രാവിലെ 6.30ഓടെ ഫോർട്ടുകൊച്ചി ചിരട്ടപ്പാലം കാർത്തികേയ ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. ബസ് ഡ്രൈവർ പള്ളുരുത്തി സ്വദേശി നസീറിന്റെ (53) ഇരു കൈകൾക്കുമാണ് പരിക്കേറ്റിട്ടുള്ളത്. ഇയാളെ അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ഫോർട്ടുകൊച്ചി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പള്ളുരുത്തി ഡോൺ പബ്ലിക് സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ സീറ്റിന്റെ എതിർവശത്താണ് വാകമരം ഒടിഞ്ഞുവീണത്. സാധാരണ ആയമാരാണ് ഇവിടെ ഇരിക്കാറ് പതിവ്. സ്കൂളിലേക്ക് കുട്ടികളെ എടുക്കാൻ തുടങ്ങിയ സമയമായതിനാൽ ആയയും കുട്ടികളും പിറകിലാണ് ഇരുന്നത്.