കൊല്ലം :സ്കൂള്‍ കുട്ടികളെ കയറ്റുന്ന എല്ലാ വാഹനങ്ങളിലേയും ജീവനക്കാര്‍ നിര്‍ബന്ധമായും റോഡ് സുരക്ഷാ ക്ലാസില്‍ പങ്കെടുക്കണമെന്ന് ആര് ടി ഒ അറിയിച്ചു. 25ന് രാവിലെ ഒമ്പതിന് ടി എം വര്‍ഗീസ് ഹാളില്‍ നടത്തുന്ന അര്‍ധദിന ക്ലാസില്‍ എല്ലാ ജീവനക്കാരും പങ്കെടുക്കുന്നുവെന്ന് സ്കൂള്‍ അധികൃതര്‍ ഉറപ്പാക്കണം. ക്ലാസില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് വാങ്ങിയവര്‍ക്കാണ് വാഹനങ്ങളില്‍ തുടരാവുന്നത്.
മുമ്പ് പരിശീലനം നേടിയവരും ക്ലാസിലെത്തണം. സ്കൂളിലെ മുഴുവന്‍ വാഹനങ്ങളിലേയും ഡ്രൈവര്‍മാര്‍ക്കൊപ്പം പകരക്കാരായി നിലനിര്‍ത്തിയിട്ടുള്ളവരും പങ്കെടുത്ത് സാക്ഷ്യപത്രം വാങ്ങണം. ലൈസന്‍സ് എടുത്ത് 10 വര്‍ഷം പ്രായോഗിക പരിചയമുള്ള കേസുകളില്‍ ശിക്ഷിക്കപ്പെടാത്തവരായിരിക്കണം ഡ്രൈവര്‍മാര്‍. ഇവരുടെ പട്ടിക സ്കൂളില്‍ നിന്ന് ആര് ടി ഓഫീസില്‍ സമര്‍പ്പിക്കണം. പരിശീലനത്തിന് എത്തുന്നവര്‍ ലൈസന്‍സിന്റെ പകര്‍പ്പ്, ഫോട്ടോ എന്നിവയും കൊണ്ടുവരണം.
ഓരോ വാഹനത്തിലും ഡോര്‍ അറ്റന്‍ഡര്‍മാര്‍/ആയമാര്‍ നിര്‍ബന്ധമാണ്. പരിശീലനം നേടിയവരെ മാത്രമാണ് നിയോഗിക്കേണ്ടത്. ഇവരുടെ സ്റ്റാമ്പ് വലുപ്പത്തിലുള്ള ഫോട്ടോയും പരിശീലന വേളയില്‍ സമര്‍പ്പിക്കണം. ജി പി എസ് ഘടിപ്പിച്ച വാഹനങ്ങള്‍ക്കാണ് ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. 29ന് പരിശോധനയ്ക്ക് വിധേയമാക്കി ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് വാങ്ങാം. രണ്ടു ദിവസം ടെസ്റ്റ് നടത്തുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.
മൂന്ന് മാസം മുമ്പ് ടെസ്റ്റ് നടത്തിയ വാഹനങ്ങളും സുരക്ഷാ പരിശോധനയ്ക്കായി ജൂണ്‍ ഒന്നിന് നടത്തുന്ന സുരക്ഷാ ഓഡിറ്റിന് വിധേയമാക്കണം. കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂര്‍, കുന്നത്തൂര്‍, എന്നിവിടങ്ങളില്‍ പരിശോധന നടത്തും.
സ്കൂള്‍ തുറന്ന് 10 ദിവസത്തിനകം ഓരോ വാഹനത്തിലേയും കുട്ടികളുടെ എണ്ണം, അവരെക്കുറിച്ചുള്ള വിവരങ്ങള്‍, ഓരോ സ്റ്റോപ്പിലും കയറുന്ന കുട്ടികളുടെ എണ്ണം, സമയം, എന്നിവ രേഖപ്പെടുത്തിയ ട്രിപ് ഷീറ്റ് അതത് വാഹനങ്ങളില്‍ സൂക്ഷിക്കണം. ഇവയുടെ പകര്‍പ്പ് സഹിതം എല്ലാ വാഹനങ്ങളുടേയും വിവരങ്ങള്‍ ആര് ടി-സബ് ആര് ടി ഓഫീസുകളില്‍ നല്‍കണം – ആര് ടി ഒ വി. സജിത്ത് അറിയിച്ചു.