മൂവാറ്റുപുഴ: നഗരത്തിൽ സ്വകാര്യബസുകളുടെ മരണപ്പാച്ചിലും അപകടങ്ങളും വർധിച്ചിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം വ്യാപകം. ബസുകൾ തമ്മിലുള്ള മത്സരയോട്ടം പതിവായതോടെ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ റോഡ് കുറുകെ കടക്കാൻ ഭയപ്പെടുകയാണ്.
കഴിഞ്ഞദിവസം കച്ചേരിത്താഴത്ത് അശ്രദ്ധമായ ഡ്രൈവിംഗിനിടെ സ്വകാര്യബസ് ജില്ലാ ജഡ്ജിയുടെ കാറിലിടിച്ചിരുന്നു. കാറിന്റെ പിൻഭാഗത്തിന് കേടുപാടുകളും സംഭവിച്ചു. അശ്രദ്ധമായി ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിനു കാരണമായത്.
ഇതിനു പുറമെ സമയത്തെച്ചൊല്ലി ബസ് ജീവനക്കാർ തമ്മിലുള്ള വാക്കേറ്റം പലപ്പോഴും കൈയാങ്കളിയിലും കലാശിക്കാറുണ്ട്. പരസ്യമായി നിയമലംഘനം നടത്തുന്ന സ്വകാര്യബസുകൾക്കെതിരേ പോലീസ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.
മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ചില ഡ്രൈവർമാരും ഇക്കൂട്ടത്തിലുണ്ടെന്ന് ആരോപണമുണ്ട്. ഏതാനും നാൾ മുൻപ് ഇത്തരം ഡ്രൈവർമാരെ മോട്ടോർ വാഹന വകുപ്പ് വാഹന പരിശോധനയ്ക്കിടെ പിടികൂടിയിരുന്നു.