തിരുവനന്തപുരം: കെഎസ്ആർടിസി, പ്രൈവറ്റ് ബസ് ചാർജ് വർധിപ്പിക്കാൻ നീക്കം. എല്ലാ ഇനം ബസുകളിലും 10 ശതമാനം വർധന നടപ്പാക്കാനാണ് നീക്കം. മിനിമം ചാർജിൽ ഒരു രൂപ വരെ വർധനയുണ്ടായേക്കും. മിനിമം ചാർജ് 10 രൂപയായി വർധിപ്പിക്കണമെന്നാണ് പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്റെ ആവശ്യം.
ബസ് ചാർജ് പുതുക്കി നിശ്ചയിക്കുന്നതു സംബന്ധിച്ച് കേരള സ്റ്റേറ്റ് ഫെയർ റിവിഷൻ കമ്മിറ്റിയുടെ പബ്ളിക് ഹിയറിംഗ് ഈ മാസം 30ന് തിരുവനന്തപുരത്ത് നടത്തും. 30ന് ചാർജ് വർധനയുടെ കാര്യത്തിൽ അന്തിമരൂപമാകുമെന്നാണു വിവരം.
ചാർജ് വർധന സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും കമ്മിറ്റിയെ അറിയിക്കാൻ താത്പര്യമുള്ളവർക്ക് 30നു രാവിലെ 11നു മുൻപായി വഴുതക്കാട് ട്രാൻസ് ടവേഴ്സിലെ ഏഴാം നിലയിലുള്ള കോണ്‍ഫറൻസ് ഹാളിൽ എത്തി പൊതുവായ അഭിപ്രായങ്ങളും നിർദേശങ്ങളും കമ്മിറ്റിക്കു മുമ്പാകെ നൽകുകയും ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്യാം.
ആംബുലൻസുകളുടെ നിരക്ക് നിർണയിക്കുക, കെഎസ്ആർടിസി പുതുതായി നിരത്തിലിറക്കുന്ന സൂപ്പർ എയർ എക്സ്പ്രസിന്റെ നിരക്ക് നിശ്ചയിക്കുക എന്നീ വിഷയങ്ങളും അന്നത്തെ മീറ്റിംഗിന്റെ പരിഗണനയിലുണ്ട്.