എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: ബസ് ചാർജ്ജ് വർധിക്കും. ഓർഡിനറി ബസുകൾക്ക് ഒരു രൂപയുടേയും ഫാസ്റ്റ് പാസഞ്ചർ ബസുകൾക്ക് രണ്ടു രൂപയുടേയും വർധനയാണ് പരിഗണനയിൽ. സ്വകാര്യ ബസുടമകൾ നിലവിലെ നിരക്കിൽ നിന്ന് മൂന്നു രുപയുടെ വർധനയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ ഇതു പറ്റില്ലെന്ന് സർക്കാർ ബസുടമകളെ അസന്നിഗ്ദമായി അറിയിച്ചിട്ടുണ്ട്. ഒരു രൂപയുടെ വർധന ഉണ്ടായാൽ മിനിമം ചാർജ്ജായ എട്ടിൽ നിന്ന് ഒന്പതു രൂപയായി വർധിക്കും. ഫാസ്റ്റു ബസുകളുടെ നിരക്ക് പത്തിൽ നിന്ന് പന്ത്രണ്ടുമാകും. സൂപ്പർ ഫാസ്റ്റുകളുടെ നിരക്കിൽ വലിയ വർധന ഉണ്ടാകില്ല. ഫെയർ സ്റ്റേജിൽ ചെറിയ നിരക്ക് വർധനയാണ് ഉദ്ദേശിക്കുന്നത്.
നിരക്ക് വർധന മണ്ഡലകാലത്തിന് മുന്പു വേണമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ ആവശ്യം. എന്നാൽ അതിനുള്ള സാധ്യത വിരളമാണ്. പന്പ നിലയ്ക്കൽ ബസ് ചാർജ് വളരെക്കൂടുതലാണെന്ന ആക്ഷേപം ഇപ്പോൾ തന്നെ നിൽക്കുന്നുണ്ട്. ഇതിനിടെയിൽ മണ്ഡലകാലം ലക്ഷ്യമിട്ടാണ് ചാർജ്ജ് വർധനയെന്ന ആക്ഷേപം പ്രതിപക്ഷം ഉന്നയിക്കുമെന്ന് ഉറപ്പാണ്.
ഈ സാഹചര്യത്തിൽ തിടുക്കപ്പെട്ട് ചർജ്ജ് വർധന വേണ്ടെന്ന നിലപാടിലാണ് സർക്കാർ. കൂടാതെ ഡീസലിന്റെ വിലയിൽ നേരിയ കുറവുണ്ടായതു കൂടി പരിഗണിച്ചാണ് തീരുമാനം. ബസ് ചാർജ്ജ് വർധിപ്പിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നാണ് ബസുടമകൾ പറയുന്നത്. ഇക്കാര്യം സർക്കാരിനെ അറിയിച്ചുണ്ട്. ഉടൻ പരിഹാരം കാണമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ സ്വകാര്യ ബസുടമകളെ അറിയിച്ചിട്ടുണ്ട്.
ഡീസൽ വില വർധനയെ തുടർന്ന് സ്വകാര്യ ബസുകൾ പലയിടത്തും ഓട്ടം നിർത്തിയിരിക്കുന്ന അവസ്ഥയിലാണ്. ടാക്സ് അടയ്ക്കാതെ ബസുകൾ ഓട്ടം നിർത്തിയിട്ടിരിക്കുന്നതിനാൽ ഈ വകയിലും മോട്ടാർ വാഹന വകുപ്പിന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇതെല്ലാം പരിഗണിച്ച് ബസ് ചാർജ് വർധനയുടെ കാര്യത്തിൽ സർക്കാർ ഉചിതമായ തീരുമാനം ഉടൻ കൈക്കൊള്ളുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
ഓട്ടോ, ടാക്സി ചാർജ് വർധിപ്പിക്കണമെന്ന് സംയുക്തസമരസമിതി
തിരുവനന്തപുരം: ഓട്ടോ ടാക്സി ചാർജ് വർധിപ്പിക്കാതെ സർക്കാർ ഇനിയും മുന്നോട്ട് പോയാൽ അനിശ്ചിതകാല സമരത്തിൽ നിന്നും പിന്നോട്ട് പോകുന്ന പ്രശ്നമില്ലെന്ന് സംയുക്തസമരസമിതി വ്യക്തമാക്കി. സിഐടിയു, എഐടിയുസി, ഐഎൻടിയുസി, എസ്ടിയു, എച്ച്എംഎസ് എന്നീ യൂണിയനുകളാണ് നവംബർ 17 അർധരാത്രി മുതൽ പണിമുടക്കുന്നത്. കഴിഞ്ഞ നാലര വർഷക്കാലത്തിനിടെ ഓട്ടോ ടാക്സി നിരക്ക് സർക്കാർ വർധിപ്പിച്ചിട്ടില്ല.
എന്നാൽ സ്വകാര്യ ബസ് ചാർജ് വർധിപ്പിക്കുകയും സ്വകാര്യ ബസ് ഉടമകൾ വീണ്ടും സമരപ്രഖ്യാപനവുമായി രംഗത്ത് വന്നപ്പോൾ ബസ് ചാർജ് വർധിപ്പിക്കാൻ സർക്കാർ കമ്മിഷനെ നിയമിക്കുകയും ചാർജ് വർധിപ്പിക്കാൻ തത്വത്തിൽ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഓട്ടോ ടാക്സി തൊഴിലാളികളോട് ഒരു നീതിയും സ്വകാര്യ ബസ് ഉടമകളോട് മറ്റൊരു നീതിയുമാണ് സർക്കാർ പുലർത്തുന്നതെന്ന് സമരസമിതി നേതാക്കൾ രാഷ്ട്രദീപികയോട് പറഞ്ഞു.
മോട്ടോർ തൊഴിലാളികളുടെ ജീവിതം ദുരിതപൂർവമാണെന്നാണ് തൊഴിലാളികളും വ്യക്തമാക്കുന്നത്. പെട്രോൾ , ഡീസൽ വിലവർധനവ്, സ്പെയർ പാർട്സുകളുടെ വിലവർധനവ്, ഇൻഷുറൻസ് പ്രീമിയം വർധനവ്, ടാക്സ് വർധനവ് ഇവയെല്ലാം തങ്ങളെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന് തൊഴിലാളികൾ പറയുന്നു. 2014 ഏപ്രിൽ മാസത്തിലാണ് അവസാനമായി സർക്കാർ ഓട്ടോ ടാക്സി നിരക്ക് വർധിപ്പിച്ചത്. നിലവിൽ ഓട്ടോക്ക് മിനിമം ചാർജ് 20 രൂപയെന്നുള്ളത് 30 രൂപയാക്കണമെന്നാണ് സമരസമിതി ആവശ്യപ്പെടുന്നത്.
മിനിമം ചാർജ് കഴിഞ്ഞ ശേഷം നഗരത്തിൽ കിലോ മീറ്ററിന് നിലവിൽ പത്ത് രൂപയാണ് ഈടാക്കുന്നത് ഇത് 15 രൂപയാക്കണമെന്നാണ് നേതാക്കൾ ആവശ്യപ്പെടുന്നത്. വൃശ്ചികം ഒന്നിന് അർധരാത്രി ആരംഭിക്കുന്ന ഓട്ടോ ടാക്സി പണിമുടക്ക് ശബരിമല തീർത്ഥാടനം ആരംഭിക്കുന്ന സമയമായതിനാൽ തീർത്ഥാടകർക്ക് യാത്രാക്ലേശം ഉണ്ടാക്കാൻ ഇടയാക്കും.
ഓട്ടോ ടാക്സി നിരക്ക് വർധനവ് സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻനായർ കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ട് രണ്ടാഴ്ച പിന്നിട്ടു. എന്നാൽ സർക്കാർ ഇതുവരെയും നടപടിയെടുക്കാത്തത് തൊഴിലാളികളോട് കാട്ടുന്ന അനീതിയാണെന്ന് സമരസമിതി നേതാക്കളും തൊഴിലാളികളും ആരോപിക്കുന്നു. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിരക്ക് വർധനവ് നടപ്പിലാക്കി പണിമുടക്ക് ഒഴിവാക്കാൻ സർക്കാർ തയാറാകണമെന്ന് സംയുക്തസമരസമിതിയുടെ ആവശ്യം.
ഇക്കഴിഞ്ഞ ജൂലൈ നാല് മുതൽ ഓട്ടോ ടാക്സി പണിമുടക്ക് നടത്താൻ തീരുമാനിച്ചിരുന്നപ്പോൾ ഗതാഗത വകുപ്പ് മന്ത്രിയും തൊഴിൽ വകുപ്പ് മന്ത്രിയും സമരസമിതി നേതാക്കളോട് ചർച്ച നടത്തി ആഗസ്റ്റ് 20 മുതൽ നിരക്ക് വർധിപ്പിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും ഇരുവരും പിന്നീട് പിന്നോട്ട് പോയെന്ന് നേതാക്കൾ ആരോപിക്കുന്നു.
ചാർജ് വർധിപ്പിക്കാതെ ഇനിയും പിടിച്ച് നിൽക്കാനാകില്ലെന്നും തൊഴിലാളികളുടെ ജീവിതം ദുരിതക്കയത്തിലാകുമെന്നും സംയുക്തസമരസമിതി നേതാക്കളായ വി.ശിവൻകുട്ടി, കെ.എസ്.സുനിൽകുമാർ , എഐടിയുസി നേതാവ് പട്ടം ശശിധരൻ, ഐഎൻടിയുസി നേതാവ് വിഐർ.പ്രതാപൻ, എസ്ടിയു നേതാവ് മാഹീൻ അബൂബക്കർ, യുടിയുസി നേതാവ് എസ്. ഗോപൻ, കെടിയുസി നേതാവ് കവടിയാർ ധർമ്മൻ എന്നിവർ വ്യക്തമാക്കി.
എം.സുരേഷ്ബാബു