കോഴിക്കോട്: പ്രകൃതി ക്ഷോഭത്തെ തുടർന്ന് താമരശേരി ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചതോടെ കുറ്റ്യാടി ചുരം വഴി സർവീസ് നടത്തുന്ന സ്വകാര്യ ബസുകൽ ചാർജ് കൂട്ടാനൊരുങ്ങുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ തോന്നിയ നിരക്ക് ഈടാക്കുന്ന ദീർഘദൂര സ്വകാര്യ ബസുകളാണ് വീണ്ടും ചാർജ് കൂട്ടാനൊരുങ്ങുന്നത്.
കുറ്റ്യാടി ചുരം വഴി പോകുന്നുവെന്ന കാരണം പറഞ്ഞ് ചുരുങ്ങിയത് 50 രൂപ അധികം ഈടാക്കാനാണ് സ്വകാര്യ ബസ് ഏജൻസികളുടെ തീരുമാനം. ബാംഗ്ളൂരു, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകൾ സാധാരണ ഗതിയിൽ പോലും തോന്നുന്ന നിരക്കാണ് ഈടാക്കാറുള്ളതെന്ന് യാത്രക്കാർ പറയുന്നു.
650 രൂപ മുതൽ 1200 രൂപ വരെയാണ് വിവിധ സ്വക്യാര്യ ബസുകൾ കോഴിക്കോട്ട് നിന്ന് ബാംഗ്ളൂരുവിലേക്ക് ഈടാക്കാറുള്ളത്. ഇതിന് പുറമെ ഇനി 50 രൂപ കൂടി അധികം നൽകേണ്ടി വരുമെന്ന സ്ഥിതിയിലാണ് യാത്രക്കാർ.കുറ്റ്യാടി വഴി സർവീസ് നടത്തുന്പോൾ 50 കിലോമീറ്ററോളം അധികം ഓടേണ്ടി വരുമെന്ന ന്യായം നിരത്തിയാണ് ബസുകാർ ചാർജ് കൂട്ടുന്നത്.
എന്നാൽ ഇതിൽ യാത്രക്കാർക്ക് ഇരട്ടി നഷ്ടമാണുണ്ടാകുന്നത്. പണത്തിനൊപ്പം സമയ നഷ്ടവും യാത്രക്കാർ സഹിക്കണം. കോഴിക്കോട്ട് നിന്ന് കുറ്റ്യാടി ചുരം വഴി ബാംഗ്ളൂരുവിലേക്ക് പോകുന്പോൾ ഒന്നേകാൽ മണിക്കൂർ വ്യത്യാസം വരുമെന്നും യാത്രക്കാർ പറയുന്നു.
ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ താമരശേരി ചുരം റോഡിൽ വലിയ വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിനാൽ മൈസൂരു,ബാംഗ്ളൂരു യാത്രക്കാർ എത്രനാൾ ഈ ദുരിതം അനുഭവിക്കേണ്ടി വരുമെന്നതിന് അധികൃതർക്ക് ഉത്തരവുമില്ല. കോഴിക്കോട്ട് നിന്ന് ബാംഗ്ളൂരുവിലേക്ക് ട്രെയിൻ സർവീസ് നന്നേ കുറവാണെന്നതും യാത്രക്കാരെ വലയ്ക്കുന്നുണ്ട്.
ദിനംപ്രതി നിരവധി പേരാണ് കോഴിക്കോട്ട് നിന്ന് ബാംഗ്ളൂരുവിലേക്കും മൈസൂരുവിലേക്കും യാത്ര ചെയ്യുന്നത്.
ബാംഗ്ളൂരുവിലേക്ക് കൂടുതൽ ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന ആവശ്യം യാത്രക്കാർ ഉയർത്തിയിരുന്നെങ്കിലും അധികൃതർ ഇതൊന്നും ചെവിക്കൊണ്ടില്ല. ഇതുവഴി ട്രെയിൻ സർവീസ് ആരംഭിച്ചാൽ സ്വകാര്യ ബസുകളെ തഴഞ്ഞ് യാത്രക്കാർ ട്രെയിനിൽ യാത്ര ചെയ്യാൻ തുടങ്ങും. എന്നാൽ ഇതിനോന്നും അധികൃതർ താത്പര്യം കാണിക്കാറില്ലെന്ന് യാത്രക്കാർ പറയുന്നു.