തിരുവനന്തപുരം: കെഎസ്ആർടിസി, സ്വകാര്യ ബസ് മേഖലകളുടെ നിലനിൽപ്പിന് വേണ്ടിയാണ് നിരക്ക് വർധന ശിപാർശ ചെയ്തതെന്ന് ജസ്റ്റീസ് രാമചന്ദ്രൻ. സർക്കാർ മറ്റ് ആനൂകൂല്യങ്ങൾ സ്വകാര്യ ബസ് ഉടമകൾക്ക് നൽകാത്തിടത്തോളം വിദ്യാർഥികൾക്ക് കണ്സെഷൻ ഒരു അവകാശമല്ലെന്നും അദ്ദേഹം പറഞ്ഞു.
2014ന് ശേഷം ബസ് ചാർജ് വർധിപ്പിച്ചിട്ടില്ലെന്നും അതിനാൽ അടിയന്തരമായി നിരക്ക് വർധിപ്പിക്കണമെന്നും ജസ്റ്റീസ് രാമചന്ദ്രൻ കമ്മിറ്റി നേരത്തെ ശിപാർശ ചെയ്തിരുന്നു. ഇതേതുടർന്നു ചൊവ്വാഴ്ച ചേർന്ന ഇടതുമുന്നണി യോഗവും ചാർജ് വർധിപ്പിക്കാൻ സർക്കാരിനോടു ശിപാർശ ചെയ്തു. ഇന്നു ചേരുന്ന മന്ത്രിസഭായോഗം നിരക്കുവർധന അംഗീകരിച്ചേക്കുമെന്നാണ് സൂചന.
ഓർഡിനറി ബസുകളുടെ മിനിമം ചാർജ് ഏഴു രൂപയിൽനിന്ന് എട്ടു രൂപയായി വർധിപ്പിക്കും. കിലോമീറ്റർ നിരക്കിൽ ആറു പൈസ മുതൽ 15 പൈസ വരെ വർധിപ്പിക്കാനും ശിപാർശയുണ്ട്. ഓർഡിനറി ബസിന് കിലോമീറ്ററിന് 64 പൈസ 70 പൈസയാക്കും. വിദ്യാർഥികൾക്കു യാത്രാസൗജന്യം ഇപ്പോഴുള്ളതോതിൽ തുടരും. എന്നാൽ, വർധിപ്പിച്ച നിരക്കിന് ആനുപാതികമായ വർധന അവരുടെ നിരക്കിലുമുണ്ടാകും.