സ്വന്തം ലേഖകന്‍
കോഴിക്കോട്: ബസ് ചാര്‍ജ് വര്‍ധനവുമായി ബന്ധപ്പെട്ട് ഇന്നലെ പലയിടത്തും വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായതോടെ പുതിയ പട്ടിക ഇറക്കി ഗതാഗതവകുപ്പ്. ഇന്നലെ പല ബസ് ജീവനക്കാരും രണ്ടുരൂപയാണ് വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടത്.
മറ്റുയാത്രക്കാര്‍ക്ക് മിനിമം ചാര്‍ജായ എട്ടു രൂപയ്ക്ക് രണ്ട് ഫെയര്‍ സ്റ്റേജുകളില്‍ യാത്രചെയ്യാം. എന്നാല്‍ ഇതേ രീതിയില്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്നലെ കണ്സഷന് നല്‍കിയില്ല. ആദ്യഫയര് സ്റ്റേജില്‍ ഒരു രൂപയും ( പഴയ ചാര്‍ജ് തന്നെ) അടുത്തസ്റ്റേജിലേക്ക് കടക്കുമ്പോള്‍ രണ്ട് രൂപയും നല്‍കണം.
എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത ആദ്യ ദിവസം ഉണ്ടായില്ല. ബസ് ജീവനക്കാര്‍ തന്നെ തുക നിശ്ചയിക്കുന്ന അവസ്ഥയുണ്ടായതോടെ മറ്റുയാത്രക്കാരും പ്രശ്നത്തില്‍ ഇടപെട്ടു. എത്രതുകയാണ് വിദ്യാര്‍ഥികളില്‍ നിന്നും ഈടാക്കേണ്ടതെന്ന കാര്യത്തില്‍ ബസ് ജീവനക്കാര്‍ക്കും അവ്യക്തത ഉണ്ടായതോടെ കണ്ണടച്ച് പണം വാങ്ങുന്ന രീതിയിലായിരുന്നു കാര്യങ്ങൾ. നിലവില്‍ ഗതാഗത കമ്മീഷണര്‍ പുറത്തിറക്കിയ പട്ടിക പ്രകാരം ഒരു രൂപയ്ക്ക് രണ്ടര കിലോമീറ്ററിന്റെ സ്റ്റേജ് മാത്രമേ വിദ്യാര്‍ഥികള്‍ക്ക് യാതചെയ്യാന് കഴിയൂ.
രണ്ടാം സ്റ്റേജ് മുതല്‍ ഏഴര കിലോമീറ്റര്‍ വരെ രണ്ട് രൂപ നല്‍കണം. ഇതിനുമുകളില്‍ ഉദാഹരണത്തിന് 17 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്ന വിദ്യാര്‍ഥിക്ക് മൂന്നു രൂപ നല്‍കേണ്ടിവരും. 27.5 കിലോമീറ്ററിന് നാല് രൂപയും 37.05 കിലോമീറ്ററിന് അഞ്ച് രൂപയും നല്‍കണം. അതായത് സംസ്ഥാനത്തെ ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും രണ്ടു രൂപ ബസ് ചാര്‍ജ് നല്‍കേണ്ടിവരും.
ഒട്ടുമിക്ക വിദ്യാര്‍ഥികളും അഞ്ചുമുതല്‍ 17 കിലോമീറ്റര്‍ വരെ സഞ്ചരിക്കുന്നവരാണെന്നാണ് കണക്ക്. അതേസമയം പരീക്ഷാകാലമായതും മിക്ക സ്കൂളുകളിലും അധ്യയനവര്‍ഷം അവസാനിക്കാറായതും മൂലം കണ്സഷന് വര്‍ധനവ് സ്കൂള്‍വിദ്യാര്‍ഥികളെ ഇപ്പോള്‍ വലിയേതാതില് ബാധിക്കില്ല. അതേസമയം കോളജ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ കഴിയാന്‍ ഇനിയുമേറെ ദിവസങ്ങളുണ്ട്.