പതിവായി യാത്ര ചെയ്യുന്ന ബസ് , അതില്‍ സ്ഥിരമായി കണ്ടുമുട്ടുന്ന സഹയാത്രക്കാര്‍ എന്നിവരോടെല്ലാം പ്രത്യേക ഇഷ്ടം തോന്നുന്നത് സ്വാഭാവികമാണ്. പല സിനിമകളിലും ഇത്തരത്തിലുള്ള ആത്മബന്ധങ്ങളുടെ കഥ വിവരിക്കാറുമുണ്ട്. നാട്ടുപുറങ്ങളിലുള്ളവര്ക്കാണ് ഇത്തരത്തിലുള്ള ബന്ധങ്ങളുടെ വില കൂടുതല്‍ മനസിലാവുകയും ചെയ്യുക.
ഇത്തരത്തില്‍ വര്‍ഷങ്ങളോളം ഒരേ ബസില്‍ സഞ്ചരിച്ച് അതിലെ ജീവനക്കാരും യാത്രക്കാരും തമ്മിലുണ്ടാക്കിയ ബന്ധത്തെക്കുറിച്ചും ആ പ്രത്യേക കുടുംബത്തിലെ ഒരംഗം അകാലത്തില്‍, അപ്രതീക്ഷിത നിമിഷത്തില്‍ വിട പറഞ്ഞാല്‍ ഉണ്ടാവുന്ന ഞെട്ടലിനെക്കുറിച്ചും വിവരിച്ചുകൊണ്ട്, ആരതി ജെഹ്നാര എന്ന പെണ്‍കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വായിക്കുന്നവരെ കണ്ണീരണിയിച്ചുകൊണ്ട് വൈറലായിരിക്കുന്നത്.
സ്ഥിരമായി യാത്ര ചെയ്തുകൊണ്ടിരുന്ന ബസിലെ കണ്ടക്ടറുടെ മരണത്തെക്കുറിച്ചാണ് പെണ്‍കുട്ടി എഴുതിയിരിക്കുന്നത്. ആരതിയുടെ വാക്കുകളിങ്ങനെ…
ജോലി കിട്ടിയതു മുതല്‍ സ്ഥിരം കയറുന്ന ബസ്സുണ്ടായിരുന്നു. റൂട്ടില്‍ വളരെ കുറച്ചോടുന്ന വണ്ടികളെന്ന നിലയില്‍ രാവിലെ സ്ഥിരം കയറുന്ന ജോലിക്കാര്‍ നിറഞ്ഞ വണ്ടി. സമാധാനപ്രിയനായ ഡ്രൈവറും വളരെ സാധുവായ ഒരു കണ്ടക്ടറും. സാധാരണ കാണുന്ന മൂരാച്ചി കണ്ടക്ടര്‍മാരില്‍ നിന്ന് വ്യത്യസ്തനായി സ്കൂള്‍ കുട്ടികളെ മുഴുവന്‍ കയറ്റുകയും അവരെ സീറ്റിലിരിക്കാന്‍ അനുവദിക്കുകയും എല്ലാവരേയും സ്റ്റോപ്പിലിറക്കി വിട്ട് ടാറ്റായും കൊടുത്തു വിടുന്ന ഒരു മനുഷ്യന്. ചെറുപ്പക്കാരന്..
ഒന്നോ രണ്ടോ മിനിറ്റ് ലേറ്റ് ആയാലും സ്ഥിരം കയറുന്ന ആളുകള്‍ക്കായി കുറച്ചുനേരം കാത്ത് അവരേയും കൊണ്ടു പൊയ്ക്കോണ്ടിരുന്നവര്‍.
കഴിഞ്ഞ കുറേ മാസങ്ങളായി സ്കൂട്ടറിലാണ് യാത്ര. സ്ഥിരം റൂട്ട് ആയതുകൊണ്ട് ഇടയ്ക്കിടെ ആ ബസ്സ് കാണുമായിരുന്നു. വണ്ടീലിരുന്ന് ചിരിച്ചോ കൈ പൊക്കി കാണിച്ചോ ഒക്കെ സ്നേഹം പ്രകടിപ്പിച്ചിരുന്നു.
ഇന്ന് സ്കൂട്ടറെടുക്കാതെ ബസ്സിനു കയറാന്‍ വന്നു രാവിലെ. ബസ്സ് ദൂരേന്ന് വരുന്നതിനു മുന്നേ തന്നെ മുന്നില്‍ വച്ചിരുന്ന സ്റ്റിക്കര്‍ ‘ആദരാഞ്ജലികള്‍’. ആ ചിരിക്കുന്ന കൈ കാട്ടുന്ന മുഖം തന്നെ.. അകത്തു കയറി പുതിയ കണ്ടക്ടറോട് കാര്യം ചോദിച്ചു.ഇന്നലെ സ്വയം അവസാനിപ്പിച്ചുത്രേ.. എന്നും പാട്ടും ബഹളവും കളീം ചിരീം ആയി പോകുന്ന ബസ്സ് മരണവീട് പോലെ.. കണ്ണൊക്കെ നിറഞ്ഞ് ഓരോന്നോര്‍ത്ത് സ്റ്റോപ്പ് കഴിഞ്ഞ് മാറി പോയിറങ്ങി..
ഇനി അതില്‍ കയറുമ്പോഴൊക്കെ ഓര്‍ക്കണം, ‘സ്വപ്നം കണ്ടിരിക്കുവാണോ, റയില്‍വേ എത്തി’ എന്ന് വിളിച്ചിറക്കാന്‍ എനിക്ക് ആളില്ല എന്ന്..തൊണ്ടയിലിരുന്നു വിങ്ങുന്ന സങ്കടം മുഴുവനും നിങ്ങളാണ്.