പാലക്കാട്: മുതിര്‍ന്ന പൗരന് സീറ്റ് നല്‍കാതെ ബസിൽ നിന്ന് ഇറക്കിവിട്ട കണ്ടക്ടര്‍ക്ക് പിഴഗുരുവായൂര്-മണ്ണാര്‍ക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന പുണ്യാളന് ബസിലെ കണ്ടക്ടര്‍ മുഹമ്മദ് ഷിബിലിയ്ക്ക് പിഴശിക്ഷ.
ചാലിശേരി സ്വദേശിയായ മൊയ്തുണ്ണി എന്ന മുതിര്‍ന്ന പൗരന് നിയമപ്രകാരം റിസര്‍വ് ചെയ്തിട്ടുള്ള സീറ്റ് നല്‍കാതെ ബുദ്ധിമുട്ടിക്കുകയും ബസില്‍ നിന്നും ഇറക്കി വിടുകയുമായിരുന്നു.
മൊയ്തുണ്ണി പാലക്കാട് ആര്‍ടിഒ ടി.എം. ജേഴ്സന് നല്കിയ പരാതിയിലാണ് നടപടിയുണ്ടായത്. പരാതി ലഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ നടപടി എടുത്തു.
കണ്ടക്ടര്‍ക്ക് 1000 രൂപ പിഴ ചുമത്തുകയും യാത്രക്കാരോട് എങ്ങനെ പെരുമാറണം എന്ന് പഠിക്കാനായി എടപ്പാളിലെ ഐഡിടിആറിലേക്ക് ഒരാഴ്ചത്തെ ട്രെയിനിംഗിന് വിടാനായി തീരുമാനിക്കുകയും ചെയ്തു.
ഭാവിയില്‍ ഈ കണ്ടക്ടര്‍ ഇത്തരത്തിലുള്ള പെരുമാറ്റം തുടരുകയാണെങ്കില്‍ ലൈസന്‍സ് റദ്ദു ചെയ്യുമെന്നും ആര്‍ടിഒ അറിയിച്ചു. പാലക്കാട് ആര്‍ടിഒ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആയ പി.വി. ബിജു ആണ് പരാതി ലഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ കുറ്റക്കാരനെതിരെ അന്വേഷണം നടത്തി കേസെടുത്ത് ആര്‍ടിഒയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
സീനിയര്‍ സിറ്റിസണ്‍സിനും ഭിന്നശേഷിക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രൈവറ്റ് ബസുകളില്‍ ഉണ്ടാകുന്ന ഇത്തരത്തിലുള്ള അവഗണനകളെ കുറിച്ച് പരാതി ലഭിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്ത്തിക്കുന്നവര്ക്കെതിരെയും ബസുകളില്‍ സീറ്റ് സംവരണത്തെ സംബന്ധിച്ച അറിയിപ്പ് കൃത്യമായി വായിക്കാവുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കാത്തവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് ആര്‍ടിഒ അറിയിച്ചു.