കൊച്ചി: കൊച്ചിയിൽ വിദ്യാർഥികളെ കുത്തിപ്പരിക്കേൽപ്പിച്ച സ്വകാര്യ ബസ് ജീവനക്കാർക്കെതിരേ വധശ്രമത്തിനു കേസ്. എറണാകുളം-പൂച്ചാക്കൽ റൂട്ടിൽ സർവീസ് നടത്തുന്ന മംഗല്യ ബസിലെ മൂന്നു ജീവനക്കാർക്കെതിരേയാണ് വധശ്രമത്തിനു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മരട് ഐടിഐയിലെ ഏഴു വിദ്യാർഥികൾക്കാണു ബുധനാഴ്ച വൈകിട്ട് ബസ് ജീവനക്കാരുടെ കുത്തേറ്റത്. ബസിൽ കയാറ്റാത്തത് ചോദ്യം ചെയ്ത വിദ്യാർഥികൾക്കുനേരെ ബസ് ജീവനക്കാർ കത്തി വീശുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥികളെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ നാലു പേരെ എറണാകുളം ജനറൽ ആശുപത്രിയിലേക്കു മാറ്റി.
കഴിഞ്ഞ ദിവസങ്ങളിൽ ഐടിഐ വിദ്യാർഥികൾ കയറുന്ന സ്റ്റോപ്പിൽ ഈ ബസ് നിർത്തിയിരുന്നില്ല. ഇത് പലപ്പോഴും തർക്കത്തിലേക്കും വാക്കേറ്റത്തിലേക്കും വഴി മാറിയിരുന്നു. ഇതോടെ വിദ്യാർഥികൾ സംഘടിച്ചെത്തി ബസ് തടഞ്ഞതാണ് സംഘർഷത്തിനു കാരണമായത്. വിദ്യാർഥികൾ ബസ് തടഞ്ഞതോടെ ക്രുദ്ധരായ ജീവനക്കാർ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.