ബസ് യാത്രകളിൽ ഇപ്പോഴും സ്ത്രീകൾ സുരക്ഷിതമല്ലന്ന് ഓർമപ്പെടുത്തുന്ന വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നത്. സാധാരണക്കാർ കൂടുതലായും സഞ്ചരിക്കുന്ന ബസ് പോലുള്ള വാഹനങ്ങളിൽ മിക്കവാറും നല്ല തിരക്കുകളും അനുഭവപ്പെടാറുണ്ട്. ഈ അവസരം മുതലാക്കി സ്ത്രീകളെ ശല്യപ്പെടുത്താനായെത്തുന്നവരുമുണ്ട്.
എന്നാൽ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ പ്രതിയായിട്ടുള്ളത് ബസിലെ കണ്ടക്ടർ തന്നെയാണ്. Harsh Tyagii എന്ന എക്സ് ഉപയോക്താവാണ് തമിഴ്നാട്ടില്‍ നിന്നുള്ള വീഡിയോ പങ്കുവച്ചത്.
ശബ്ദരഹിതമായ ഒരു സിസിടിവി ദൃശ്യമായിരുന്നു അത്. യാത്രക്കാരുടെ സുരക്ഷയ്ക്കായി ബസിനുള്ളില്‍ വച്ച സിസിടിവിയില്‍ പതിഞ്ഞത്, ബസ് യാത്രക്കാരെല്ലാം ചേര്‍ന്ന് കണ്ടക്ടറെ ഇടിക്കുന്ന ദൃശ്യമാണ്. ബസിലെ യാത്രക്കാരിയായ ഒരു സ്ത്രീയെ വാക്കാൽ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചാണ് അഞ്ചോളം പേരടങ്ങുന്ന ഒരു സംഘം യുവാക്കള്‍ കണ്ടക്ടറെ ആക്രമിച്ചത്.
ബസ് നിര്‍ത്താത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അടിയില്‍ കലാശിച്ചതെന്ന് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്. സ്ഥലത്ത് ഇറങ്ങേണ്ടിയിരുന്ന സ്ത്രീ ബസ് നിര്‍ത്താത്തതിനെ ചോദ്യം ചെയ്തു. പിന്നാലെ ബസ് കണ്ടക്ടറായ മൂക്കയ്യൻ സ്ത്രീയെ അപമാനിച്ചു. ഇതിന് പിന്നാലെയാണ് ഛത്തിരം ബസ് ടെർമിനലിൽ എത്തിയപ്പോള്‍ ബസിലേക്ക് കയറിയ അഞ്ചോളം യാത്രക്കാര്‍ ചേര്‍ന്ന് കണ്ടക്ടറെ മർദിച്ചത്.
— Harsh Tyagii (@tyagiih5) February 11, 2024