തലശേരി: അറുപതുകാരനായ ബസ് കണ്ടക്ടറെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തത് കള്ളക്കേസിൽ കുടുക്കിയാണെന്നാരോപിച്ച് തലശേരി മേഖലയിൽ ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് തുടങ്ങി. പുലർച്ചെ തുടങ്ങിയ പണിമുടക്ക് ഉച്ചയോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു.
തലശേരി-കൂത്തുപറമ്പ്, തലശേരി-കണ്ണൂർ, തലശേരി-വടകര, തലശേരി-പാനൂർ, തലശേരി-കരിയാട് എന്നീ റൂട്ടുകളിലാണ് പണിമുടക്ക് നടക്കുന്നത്.
ചൊക്ലി പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ വകുപ്പുകൾ ഉൾപ്പെടെയുള്ള കേസിലാണ് കണ്ണൂർ-കരിയാട് റൂട്ടിൽ സർവീസ് നടത്തുന്ന സീന ബസിലെ കണ്ടക്ടർ ചക്കരക്കൽ മൗവ്വഞ്ചേരിയിലെ സത്യാനന്ദനെ (60) അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്കാണ് ചൊക്ലി പോലീസ് ഇയാളെ പിടികൂടിയത്. ഇയാൾ റിമാൻഡിലാണ്.
അപമര്യാദയായി പെരുമാറിയെന്ന സ്കൂൾ വിദ്യാർഥിനികളുടെ പരാതിയിലായിരുന്നു അറസ്റ്റ്. 10 സ്കൂൾ വിദ്യാർഥിനികളാണ് കണ്ടക്ടർ ദേഹത്ത് സ്പർശിച്ചതായി കാണിച്ച് സ്കൂൾ അധികൃതർക്ക് പരാതി നൽകിയത്. പരാതി സ്കൂൾ അധികൃതർ പോലീസിന് കൈമാറുകയായിരുന്നു.
പരാതിക്കാരിൽ രണ്ട് പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് ബസ് കസ്റ്റഡിയിലെടുക്കുകയും കണ്ടക്ടറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കുട്ടികളോട് പാസ് ആവശ്യപ്പെട്ടതും ബസിലെ സ്റ്റെപ്പിൽനിന്ന് യാത്ര ചെയ്യുന്നതിനെ വിലക്കിയതുമാണ് പരാതിക്കു പിന്നിലെ ഘടകമെന്നാണ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്. മറ്റ് ആരോപണങ്ങൾ തീർത്തും അടിസ്ഥാന രഹിതമാണെന്നും ജീവനക്കാർ പറഞ്ഞു.
മിന്നൽപണിമുടക്കിന് തങ്ങൾ എതിരാണെന്നും എന്നാൽ ജീവനക്കാരനെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ച സംഭവത്തെ ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വേലായുധൻ രാഷ്ട്രദീപികയോട് പറഞ്ഞു.