ചില്ലറ തർക്കത്തെത്തുടർന്നുള്ള വൈരാഗ്യത്തിൽ ബസ് മോഷ്ടിച്ചയാൾ പിടിയിൽ. ചെന്നൈ തിരുവാൺമയൂർ എംടിസി ഡിപ്പോയിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം.
ഡിപ്പോയിൽ നിർത്തിയിട്ട എംടിസി (മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ) ബസ് ആണ് മോഷണം പോയത്. ബസന്ത് നഗർ സ്വദേശിയായ ലൂർദ് സ്വാമി ഏബ്രഹാമാണു (33) പിടിയിലായത്. തട്ടിക്കൊണ്ടുപോയ ബസ് ലോറിയുമായി കൂട്ടിയിടിച്ചിരുന്നു. പിന്നാലെ ലോറി ഡ്രൈവർ, ലൂർദ് സ്വാമിയെ തടഞ്ഞുവച്ച് പോലീസിനു കൈമാറുകയായിരുന്നു.
ഗുഡുവാഞ്ചേരിയിൽ ജോലി ചെയ്യുന്ന ലൂർദ് സ്വാമി വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ബസിലെ കണ്ടക്ടറുമായി ബാലൻസുമായി ബന്ധപ്പെട്ട് വഴക്കുണ്ടായിരുന്നു. കണ്ടക്ടറോടുള്ള വൈരാഗ്യം തീർക്കാനാണ് ബസ് തട്ടിയെടുത്തതെന്ന് ഇയാൾ പോലീസിനോടു പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് പറഞ്ഞു.