കോട്ടയം: സ്വകാര്യ ബസിലെ കണ്ടക്ടറെ വിദ്യാര്ഥിനിയും സുഹൃത്തുക്കളും ചേർന്ന് മർദിച്ച് അവശനാക്കി. മാളിയക്കടവ്-കോട്ടയം റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറായ പ്രദീപാണ് ക്രൂര മർദനത്തിന് ഇരയായത്.
മർദനത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം വൈറലാണ്. ഹെൽമെറ്റ് കൊണ്ട് തലയ്ക്ക് അടിയേറ്റ പ്രദീപ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇയാളുടെ തലയ്ക്ക് മൂന്ന് സ്റ്റിച്ച് ഉണ്ട്.
കഴിഞ്ഞ ദിവസം പെൺകുട്ടി ബസിൽ കയറിയിരുന്നു. എന്നാൽ കൺസെഷൻ ആവശ്യപ്പെട്ടുകൊണ്ട് പെൺകുട്ടി കണ്ടക്ടറുമായി തർക്കമുണ്ടായി. സ്കൂൾ യൂണിഫോം ധരിച്ചിട്ടില്ലാത്തതിനാലും, ഐഡി കാർഡ് ഇല്ലാത്തതിനാലും കൺസെഷൻ തരാൻ കണ്ടക്ടർ വിസമ്മതിക്കുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി. ശേഷം തനിക്ക് ഇറങ്ങണ്ട സ്റ്റോപ്പിൽ പെൺകുട്ടി ഇറങ്ങി പോവുകയും ചെയ്തു.
എന്നാൽ അൽപ സമയത്തിനുള്ളിൽ ബസ് തിരികെ എത്തിയപ്പോൾ പെൺകുട്ടി തന്റെ ആൺ സുഹൃത്തുക്കളുമായെത്തി ബസ് തടഞ്ഞു. നാൽപതോളം ആളുകളുമായി എത്തിയാണ് ബസ് തടഞ്ഞു നിർത്തിയത്. ശേഷം പെൺകുട്ടിയും നാല് ആൺകുട്ടികളും ബസിനുള്ളിൽ കടന്ന് കണ്ടക്ടറെ മർദിക്കുകയായിരുന്നു.