പറവൂർ: സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ സമയക്രമം പാലിക്കാതെ സർവീസ് നടത്തുന്നതിനെ ചൊല്ലി കുറേ ദിവസമായുണ്ടായിരുന്ന തർക്കം സംഘട്ടനത്തിൽ കലാശിച്ചു. പോലീസ് ഏകപക്ഷീയമായി സ്വകാര്യ ബസ് ജീവനക്കാരനായ അജയൻ ഉൾപ്പെടെ നാലു പേർക്കെതിരേ കേസെടുത്തതിൽ പ്രതിഷേധിച്ച് പറവൂരിൽനിന്നു വരാപ്പുഴ മേഖലയിലേക്കു പൂർണമായും വൈപ്പിൻ, എറണാകുളം മേഖലയിലേക്ക് ഭാഗികമായും സർവീസ് നിർത്തിവച്ചു.
കുറേ നാളുകളായി ബസുകൾ തമ്മിൽ സമയക്രമം പാലിക്കാത്ത പ്രശ്നത്തിനു തർക്കങ്ങളുണ്ട്. ഇതിനിടയിൽ കഴിഞ്ഞ തിങ്കളാഴ്ച ആറ്റുപറന്പത്ത് ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ ഡ്രൈവറെ സിഐടിയുക്കാരനായ ബസ് ജീവനക്കാരനടക്കമുള്ളവർ മർദിച്ചതായിട്ടാണ് ആരോപണം.
ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് പോലീസ് ഒരാളെ പിടികൂടിയത്. ഇതിൽ പ്രതിഷേധിച്ച് പറവൂർ – വരാപ്പുഴ റൂട്ടിൽ ബസുകൾ മിന്നൽ സമരം നടത്തുകയായിരുന്നു. നഗരസഭ ബസ് സ്റ്റാൻഡിൽനിന്ന് ബസുകൾ ഒന്നും ഓടുന്നില്ല. വൈപ്പിനിലേക്ക് കെഎംകെ ജംഗ്ഷനിൽനിന്നു ഏതാനും ബസുകൾ സർവീസ് നടത്തുന്നുണ്ട്.