മാറനല്ലൂർ: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ എംപാനൽ കണ്ടക്ടറെ വീട് കയറി ആക്രമിച്ച് പരിക്കേൽപ്പിച്ചു. കയ്യും കാലും തല്ലിയൊടിച്ച ശേഷം ജനനേന്ദ്രിയം മുറിക്കാനും ശ്രമിച്ചു. ഇന്നലെ രാത്രി 10 മണിയോടെ നാലംഗ സംഘമാണ് ഉൗരൂട്ടന്പലം പിരിയാക്കോട് സനൽഭവനിൽ സജികുമാർ (47) നെ അക്രമികൾ ക്രൂരമായി മർദിച്ചത്.
അമ്മയ്ക്കൊപ്പം കാലങ്ങളായി കുടുംബവീട്ടിൽ താമസിക്കുന്ന ആളാണ് സജികുമാറെന്നും നാട്ടിൽ ആരുമായും വ്യക്തി വിരോധമില്ലെന്നും അയൽവാസികൾ പറഞ്ഞു. ഇന്നലെ രാത്രിയിൽ വീടിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം വീടിന് പുറത്തിറങ്ങിയ സജിയെ ഇരുന്പു കന്പികൊണ്ട് കാലുകളും കൈകളും അടിച്ചൊടിച്ച ശേഷം ലിംഗത്തിൽ പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.
മാറനല്ലൂർ പോലീസും ജന പ്രതിനിധികളുമെത്തിയാണ് സജികുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൈക്കും കാലിനും ശസ്ത്രക്രീയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട് . ജനനേന്ദ്രിയത്തിന് 9 തുന്നികെട്ടുകൾ ഉണ്ട് . മാറനല്ലൂർ പോലീസ് സജിയുടെ മൊഴി രേഖപ്പെടുത്താനായി ആശുപത്രിയിലേക്ക് തിരിച്ചു.അക്രമികൾ സഞ്ചരിച്ചു എന്നു കരുതുന്ന 2 ബൈക്കുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.