പ്രണയം നടിച്ചു സ്ത്രീകളെ പീഡിപ്പിക്കുന്നതു പതിവാക്കിയ യുവാവ് അറസ്റ്റില്‍. സ്വകാര്യ ബസ് ജീവനക്കാരനായ അരൂര്‍ അരമുറിപ്പറമ്പില്‍ താമസിക്കുന്ന ചേര്‍ത്തല എഴുപുന്ന സ്വദേശി വിജേഷ് (33) ആണ് എറണാകുളം സൗത്ത് പോലീസിന്റെ പിടിയിലായത്.
ചെല്ലാനം-കലൂര്‍ പാതയില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസിലെ ഡോര്‍ ചെക്കറായ ഇയാള്‍ ഈ ബസില്‍ സ്ഥിരമായി സഞ്ചരിക്കുന്ന യുവതിയെ പ്രണയം നടിച്ചു വശീകരിക്കുകയായിരുന്നു.
അവിവാഹിതനാണെന്നും വിവാഹം കഴിക്കാമെന്നും യുവതിയെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഇതിനിടെ മറ്റു സ്ത്രീകള്‍ക്കൊപ്പം വിജേഷ് നില്ക്കുന്ന ചിത്രങ്ങള്‍ ഇയാളുടെ ഫോണില്‍ കണ്ടപ്പോഴാണു വിവാഹിതനാണെന്നും കബളിപ്പിക്കപ്പെട്ടതായും യുവതി മനസിലാക്കിയത്.
ഇയാളില്‍നിന്ന് അകലാന്‍ ശ്രമിച്ചതോടെ യുവതിയുമായി അടുപ്പം പുലര്‍ത്തുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പലപ്പോഴായി 50,000 രൂപയോളം തട്ടിയെടുത്തു.
എയര്‍കണ്ടീഷണര്‍, ടെലിവിഷന്‍ തുടങ്ങിയ ഗൃഹോപകരണങ്ങളും യുവതിയെകൊണ്ടു വാങ്ങിപ്പിച്ചു. ഇതിനുശേഷവും തനിക്കൊപ്പം വരണമെന്നു വിജേഷ് നിരന്തരം നിര്‍ബന്ധിച്ചതോടെയാണു യുവതി പോലീസില്‍ പരാതിപ്പെട്ടത്.
ടൗണ്‍ സൗത്ത് സിഐ സിബി ടോമിന്റെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിരവധി യുവതികളുടെയും സ്ത്രീകളുടെയും നഗ്നചിത്രങ്ങള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
നിരവധി വീട്ടമ്മമാര്‍ ഇയാളുടെ വലയില്‍ വീണതായും മാനം ഭയന്നാണു പരാതിപ്പെടാത്തതെന്നും കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളുടെ അശ്ലീല ചിത്രങ്ങള്‍ ഇയാള്‍ പലര്‍ക്കും അയച്ചു കൊടുത്തതായും സംശയിക്കുന്നു. ഇതുസംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി വിജേഷിനെ കസ്റ്റഡിയില്‍ വാങ്ങുമെന്നും ഇതിനായി കോടതിയിയില്‍ അപേക്ഷ കൊടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.