സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട ബസ് റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറുകയും ജീവനക്കാരി തലനാരിഴയ്ക്ക് രക്ഷപ്പെടുകയും ചെയ്ത ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. തമിഴ്നാട് ദിണ്ടിഗലിലാണ് സംഭവം.
ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ബസ് എതിർവശത്തുള്ള പലഹാരക്കടയിൽ ഇടിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ഇടിയിൽ കടയുടെ മുൻഭാഗം തകർന്നു.
ഭാഗ്യവശാൽ മാത്രമാണ് കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന ജീവനക്കാരി ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
പെരിയകുളത്ത് നിന്ന് രാവിലെ 6 മണിക്ക് പുറപ്പെട്ട ബസ് ഏകദേശം 210 കിലോമീറ്റർ ഒരു പ്രശ്നവുമില്ലാതെയാണ് സഞ്ചരിച്ചത്. എന്നാൽ, തേനിയിലെ ദിണ്ടിഗൽ ബസ് സ്റ്റേഷനിൽ നിന്ന് ഉച്ചയ്ക്ക് 1:45 ഓടെ ബസ് പുറപ്പെട്ടപ്പോഴാണ് അപകടം സംഭവിച്ചത്.
ഡ്രൈവർ അമിതവേഗതയിൽ വാഹനമോടിച്ചതും ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതുമാണ് ബസ് ഇടത്തേക്ക് തിരിയുന്നതിന് പകരം കടയിലേക്ക് നേരിട്ട് ഇടിക്കാൻ ഇടയാക്കിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുന്നതിൽ ഡ്രൈവർ വീഴ്ച വരുത്തിയതാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് ട്രാൻസ്പോർട്ട് കോർപ്പറേഷൻ പറഞ്ഞു. ബസ് ഡ്രൈവറുടെ അശ്രദ്ധ മനോഭാവത്തിനെതിരേ നടപടി ആരംഭിച്ചിട്ടുണ്ട്.