കൊച്ചി: സ്വകാര്യ ബസിലെ ഡ്രൈവറുടെ കാബിന്റെ വാതിൽ തലയിൽ വീണു ഗുരുതര പരിക്കേറ്റ പന്ത്രണ്ടുകാരന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയ ബാലൻ വെന്റിലേറ്ററിലാണ്.
അതിനിടെ, സംഭവത്തിൽ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി സ്വദേശി ശരതിനെയാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്നാണു പോലീസിന്റെ നിഗമനം. ഇന്നലെ രാവിലെ 11ന് തൃക്കാക്കര നഗരസഭ ഓഫീസിനു മുന്നിലായിരുന്നു അപകടം. കാക്കനാട് തൂതിയൂർ കണ്ണിച്ചിറ പ്രകാശന്റെ മകൻ ആകാശിനാണ് പരിക്കേറ്റത്.
അമ്മാവന്റെ കൂടെ ബൈക്കിൽ യാത്ര ചെയ്യവേ ബസ് ഡ്രൈവറുടെ ഭാഗത്തെ വാതിൽ ഇളകി ആകാശിന്റെ തലയിൽ വീഴുകയായിരുന്നു. കാക്കനാട്-പെരുന്പടപ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസാണു അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ബസ് ഉടമക്കെതിരേ കേസെടുത്ത പോലീസ് ബസ് പിടിച്ചെടുക്കുകയും ചെയ്തു. മാനദണ്ഡങ്ങൾ പാലിക്കാതെ ബസ് ഓടിച്ചതിന് കേസ് മോട്ടോർ വാഹന വകുപ്പിന് കൈമാറും. ബസിന്റെ പെർമിറ്റ് അധികൃതർ റദ്ദാക്കുമെന്നാണു സൂചന.