ഹരിപ്പാട്: ഓടിക്കൊണ്ടിരുന്ന ബസിനു മുകളില്‍ വൈദ്യുതിലൈന്‍ പൊട്ടിവീണു. വീയപുരം ഹയര്‍ സെക്കൻഡറി സ്കൂളിനു സമീപത്തെ ജംഗ്ഷനിലാണു സംഭവം. എരുമേലിയില്‍ നിന്നു ഹരിപ്പാട്ടേക്കു വന്ന കെഎസ്ആര്‍ടിസി ബസിനു മുകളിലാണ് ഇന്നലെ ഉച്ചയ്ക്ക് 12.30ന് വൈദ്യുതിലൈന്‍ പൊട്ടിവീണത്. ജംഗ്ഷനില്‍ ആളെയിറക്കി ബസ് മുമ്പോട്ടെടുക്കുമ്പോഴാണ് ലൈന്‍ പൊട്ടിവീണത്.
പിറകേ തിരുവല്ലയില്‍ നിന്ന് ഹരിപ്പാട്ടേക്കു വന്ന കെഎസ് ആര്‍ടിസി ബസിലെ കണ്ടക്ടര്‍ സുമയാണ് കമ്പി പൊട്ടിവീഴുന്നത് കണ്ടത്. ഉടന്‍തന്നെ സുമ വിവരം മുന്‍വശത്ത് നിര്‍ത്തിയിരുന്ന ബസിലെ ഡ്രൈവറെ അറിയിക്കുകയും ഡ്രൈവര്‍ യാത്രക്കാരെ ബസില്‍നിന്ന് ഇറക്കുകയുമായിരുന്നു.
ഇന്നലെ പുലര്‍ച്ചെ ഉണ്ടായ ചുഴലിക്കാറ്റില്‍ പ്രദേശത്ത് വൈദ്യുതിവിതരണം നിലച്ചിരുന്നതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. പഞ്ചായത്ത് വൈസ്പ്രസിഡന്റിന്റെ പി.എ.ഷാനവാസ് വിവരം അറിയിച്ചതിനെത്തുടർന്ന് എടത്വ വൈദ്യുതി സെക്ഷന്‍ ഓഫീസിലെ ജീവനക്കാരെത്തി വൈദ്യുതിലൈന്‍ മാറ്റിയ ശേഷമാണ് ബസുകള്‍ സര്‍വീസ് തുടർന്നത്. അരമണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.