കാഞ്ഞിരപ്പള്ളി: അന്തരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തിനായി ബസ് ഉടമകളും ജീവനക്കാരും ചേര്‍ന്ന് സ്നേഹയാത്രയില്‍ സമാഹരിച്ച ഏഴര ലക്ഷം രൂപ കുടുംബത്തിന് കൈമാറി. പൊന്‍കുന്നം-മണ്ണടിശാല റൂട്ടിലോടുന്ന സെന്റ് ആന്റണീസ് ബസില്‍ ഡ്രൈവറായിരുന്ന പാറത്തോട് ഇടക്കുന്നം കൊടിച്ചിറയില്‍ രതീഷ് (42) കാന്‍സര്‍ ബാധിതനായിരിക്കേ എലിപ്പനികൂടി ബാധിച്ച് ജനുവരി 18നാണ് മരിച്ചത്.
ഇദ്ദേഹത്തിന്റെ അമ്മ ഒരു വര്‍ഷം മുന്‍പ് കാന്‍സര്‍ ബാധിച്ച് മരിച്ചതാണ്. സഹോദരനും കാന്‍സര്‍ മൂലം മരിച്ചു. രതീഷിന്റെ മൂന്നുമക്കളില്‍ മൂത്തയാളും ഇതേ രോഗത്താല്‍ മരിച്ചു. രണ്ടാമത്തെ മകന് അപ്പന്‍ഡിസൈറ്റിസിന് ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണ്. ഇളയ മകള്‍ക്ക് കരളില്‍ അര്‍ബുദ ബാധയെത്തുടര്‍ന്ന് അമ്മയുടെ കരള്‍ നല്കി ചികിത്സയിൽ തുടരുകയാണ്. രതീഷിന്റെ മരണത്തോടെ മക്കളുടെ ചികിത്സയ്ക്ക് അടക്കം പ്രതിസന്ധിയിലായ കുടുംബത്തെ സഹായിക്കുന്നതിനാണ് ബസ് ഉടമകളും ജീവനക്കാരും ചേര്‍ന്ന് ഒരു ദിവസം മാറ്റിവച്ചത്.
കോട്ടയം ആര്‍ടിഒ അജിത് കുമാര്‍, എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ സി. ശ്യം എന്നിവര്‍ ചേര്‍ന്ന് തുക കുടുംബത്തിനു കൈമാറി. സേഫ് സോണ്‍ ഇന്‍ ചാര്‍ജും ജോയിന്റ് ആര്‍ടിഒയുമായ ഷാനവാസ് കരീം ഇളയമകള്‍ക്ക് സൈക്കിള്‍ കൈമാറി. കാഞ്ഞിരപ്പള്ളി ജോയിന്റ് ആര്‍ടിഒ കെ. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് താലൂക്ക് സെക്രട്ടറി ജയകൃഷ്ണന് നായര്‍, ബസ് ഉടമകള്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
കാഞ്ഞിരപ്പള്ളി താലൂക്കിലെ ഇരുപതോളം ബസുകളില്‍ ഒരു ദിവസത്തെ വരുമാനമാണ് കുടുംബത്തിനായി മാറ്റിവച്ചത്. ടിക്കറ്റ് നിരക്കിനേക്കാള്‍ കൂടിയ തുക നല്കി യാത്രക്കാരും സ്നേഹയാത്രയില്‍ പങ്കുചേര്‍ന്നു. ബസ് ജീവനക്കാരും തങ്ങളുടെ ഒരുദിവസത്തെ വരുമാനം കൂടി നല്കി. ബസ് ഉടമകളും തങ്കളുടെ വരുമാനത്തിന്റെ ഒരു ഭാഗം രതീഷിന്റെ കുടുംബത്തിനായി നീക്കിവച്ചിരുന്നു.