ചേർത്തല: ചേർത്തല ഒറ്റപ്പുന്ന, കെഎസ്ഇബി സബ്ബ്സ്റ്റേഷന് തെക്കുവശം റോഡരുകിൽ നിർത്തിയിട്ടിരുന്ന സ്വകാര്യബസ് തീ കത്തി നശിച്ചു. തണ്ണീർമുക്കം കരിക്കാട് മന്പോഴിയിൽ രതീഷിന്റെ കൊച്ചുകാവിലമ്മ എന്ന ബസാണ് കത്തി നശിച്ചത്. ഇന്നലെ പുലർച്ചെ 3.30 ഓടെയാണ് ബസിന് തീപിടിക്കുന്നത് പരിസരവാസികൾ കണ്ടത്. വിവരം അറിയിച്ചതനുസരിച്ച് അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്.
പ്രദേശവാസികളും തീയണക്കാൻ കാര്യമായി സഹായിച്ചു. എന്നാലും ബസ് ഏതാണ്ട് പൂർണമായും കത്തി നശിച്ചു. ടാങ്കിൽ നിറച്ച് ഡീസലുണ്ടായിരുന്നെങ്കിലും ടാങ്കിലേക്ക് തീ പടരാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. ചേർത്തല അഴീക്കൽ റൂട്ടിൽ സർവീസ് നടത്തുന്ന ബസ് സർവ്വീസ് അവസാനിപ്പിച്ച ശേഷം ഞായറാഴ്ച രാത്രി ഏഴോടെയാണ് ഇവിടെ പാർക്ക് ചെയ്തത്. രതീഷിന്റെ ഭാര്യവീട് ഇതിനടുത്താണ്.
രാത്രിയിൽ സ്ഥിരമായി ബസ് ഇവിടെയാണ് പാർക്ക് ചെയ്യുന്നത്. സാധാരണ രാവിലെ ഏഴോടെയാണ് ബസ് സർവീസിനായി കൊണ്ടുപോകുന്നത്. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പട്ടണക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ദർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.