കൊടുങ്ങല്ലൂർ: ചന്തപ്പടിയിലെ പെട്രോൾപന്പിൽ പാർക്കു ചെയ്തിരുന്ന രണ്ടു സ്വകാര്യബസുകൾ കത്തിനശിച്ചു. ഇന്നു പുലർച്ചെ 1.20ഓടെയാണ് നഗരത്തെ നടുക്കിയ അഗ്നിബാധയുണ്ടായത്. പെട്രോൾപന്പിൽ തീ ആളിപ്പടരുന്നത് കണ്ട് സമീപത്തുള്ള ചായക്കടക്കാരൻ പോലീസിനെ അറിയിച്ചതിനെ തുടർന്ന് മാള, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽനിന്നുള്ള ഫയർഫോഴ്സും പോലീസും ചേർന്ന് നടത്തിയ ശ്രമത്തിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്കു കാരണമെന്നാണ് ആദ്യനിഗമനം. ബിജെപി മുൻ തൃശൂർ ജില്ലാ സെക്രട്ടറി എ.ആർ.ശ്രീകുമാറിന്റെ സഹോദരൻ ശ്രീജിത്തിന്റെ ഉടമസ്ഥതയിലുള്ള രോഹിണി കണ്ണൻ, കോതപറന്പ് സ്വദേശി പ്രകാശിന്റെ ഉടമസ്ഥതയിലുള്ള ആഞ്ജനേയ എന്നീ ബസുകളാണ് അഗ്നിക്കിരയായത്.
എറണാകുളം-കൊടുങ്ങല്ലൂർ, പറവൂർ-കൊടുങ്ങല്ലൂർ എന്നീ റൂട്ടുകളിൽ സർവീസ് നടത്തുന്ന ബസുകൾ രണ്ടും സർവീസ് കഴിഞ്ഞ് പതിവുപോലെ ഡീസലടിച്ച് പന്പിൽ പാർക്കുചെയ്തിരിക്കയായിരുന്നു. ഒരു ബസിൽ 165 ലിറ്ററും മറ്റൊന്നിൽ 60 ലിറ്ററും ഡീസലടിച്ചിരുന്നു. ഇതിനാൽ അഗ്നി പടരാൻ കൂടുതൽ സാഹചര്യമൊരുങ്ങി.
എന്നാൽ ബസിൽനിന്നും നേരത്തെ ആരോ ഡീസൽ ഉൗറ്റിയിരുന്നതായി പറയപ്പെടുന്നുണ്ട്. കൊടുങ്ങല്ലൂർ തീരദേശമേഖലയിൽ വർക്ക് ഷോപ്പുകളിലും മറ്റും പാർക്കുചെയ്യാറുള്ള വാഹനങ്ങളിൽനിന്നും ഈയിടെയായി ഇന്ധനം ഉൗറ്റുന്നതായി ശ്രദ്ധയിൽപെട്ടിരുന്നു. ഇത്തരത്തിലുള്ള ശ്രമം നടന്നതായാണ് സംശയിക്കുന്നത്.
പന്പിൽ നിരീക്ഷണകാമറ സ്ഥാപിച്ചിട്ടുള്ളതിനാൽ തീപിടിത്തത്തെ കുറിച്ച് അറിയാൻ അധികൃതർ കാമറ നിരീക്ഷിച്ചുവരികയാണ്. പെട്രോളിയം കന്പനിയുടെ നിർദേശപ്രകാരം പന്പ് അടച്ചു. കൊടുങ്ങല്ലൂർ പോലീസ് കൂടുതൽ നടപടികൾ സ്വീകരിച്ചുവരികയാണ്.