കുമളി: നിർത്തിയിട്ടിരുന്ന ബസിനു തീ പിടിച്ചു. ക്ലീനർ വെന്തു മരിച്ചു. കുമളി-ഏലപ്പാറ-പശുപ്പാറ റൂട്ടിലോടുന്ന കൊണ്ടോടി ബസാണ് ഇന്നു പുലർച്ചെ രണ്ടിന് ചെളിമടയിൽ അഗ്നിക്കിരയായത്. ബസിനുള്ളിൽ ഉറങ്ങുകയായിരുന്ന ക്ലീനർ പ്ലാമല ഉപ്പുകണ്ടം സ്വദേശി രാജൻ(23) ആണ് മരിച്ചത്.
ബസിനുള്ളിൽ കിടന്നുറങ്ങുകയായിരുന്നു മരിച്ച രാജൻ. ബസ് പൂർണമായും കത്തിനശിച്ചു. സമീപത്ത് ഭാരത് പെട്രോളിയത്തിന്റെ പന്പ് ഉണ്ടായിരുന്നെങ്കിലും നാട്ടുകാരുടെയും പോലീസിന്റെയും സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി.
മരിച്ച ക്ലീനറുടെ ശരീരം തിരിച്ചറിയാനാകാത്ത വിധം പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പീരുമേട്ടിൽനിന്നും കട്ടപ്പനയിൽനിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.
കുമളി സി.ഐ ജയപ്രകാശ്, എസ് ഐ പ്രശാന്ത് പി.നായർ എന്നിവരുടെ നേതത്വത്തിലുള്ള പോലീസ് സംഘവും നാട്ടുകാരും ചേർന്ന് പെട്രോൾ പമ്പിൽ നിന്നും സമീപത്തെ വീടുകളിൽ നിന്നും വെള്ളം പമ്പ് ചെയ്ത് തീ നിയന്ത്രണ വിധേയമാക്കി.
പിന്നാലെ പീരുമേട്ടിൽ നിന്നും ഫയർഫോഴ്സും എത്തി തീ അണച്ചു. ബസിന് സമീപമുള്ള കെട്ടിടം ഭാഗികമായി കത്തിനശിച്ചു.ു