കോഴിക്കോട്: മണ്‍സൂണ്‍ കാല പരിശോധനയുടെ ഭാഗമായി ജില്ലയിലുടനീളം പോലീസും മേട്ടോര്‍ വാഹനവകുപ്പും സംയുക്ത പരിശോധന നടത്തി. കോഴിക്കോട്, ഫറോക്ക്, നാദാപുരം, വടകര എന്നിവിടങ്ങളിലെ തിരക്കേറിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
124 ബസുകള്‍ പരിശോധിച്ചതില്‍ 43 ബസുകള്‍ക്കെതിരേ കേസെടുത്തു. സ്പീഡ് ഗവര്‍ണര്‍ ഉണ്ടായിട്ടും ഘടിപ്പിക്കാത്തവ, സംവരണ സീറ്റുകള്‍ പ്രദര്ശിപ്പിക്കാത്തവ, ചവിട്ടുപടിയുടെ ഉയരകൂടുതല്‍, വൈപ്പര്‍, ലൈറ്റുകള്‍ എന്നിവയുടെ ഉപയോഗ ക്ഷമത, സൈഡ് ഷട്ടര്‍, നിന്ന് യാത്രചെയ്യുന്നവര്ക്കായുള്ള ഹാന്‍ഡ് ഗ്രിപ്പ് എന്നിവയായിരുന്നു പ്രധാനമായും പരിശോധിച്ചത്.
സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാത്ത 18 ബസുകള്ക്കെതിരേയുംശരിയായ രീതിയില്‍ ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാത്ത പത്ത് ബസുകള്‍ക്കെതിരേയും മുന്‍വശത്തെ ഗ്ലാസ് പൊടിപറ്റിയ നിലയില്‍ കണ്ടെത്തിയ ഒരു ബസിനെതിരേയും നടപടി എടുത്തു. തേഞ്ഞ ടയറുകള്‍ ഉപയോഗിച്ച 11 ബസുകള്‍ക്കെതിരേയും എയര്‍ഹോണുകള്‍ ഉപയോഗിച്ച ആറ് വാഹനങ്ങള്‍ക്കെതിരേയും ചവിട്ടുപടി അനുവദിച്ചതിലും കൂടുതല്‍ ഉയര്‍ത്തിയ 11 ബസുകള്‍ക്കെതിരേയും നടപടി എടുത്തു. നാല് ബസുകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്കി.
അധ്യാപികയോടൊപ്പം ബസില്‍ കയറിയ വിദ്യാര്‍ഥിയോട് സീറ്റില്‍ കയറി ഇരുന്നതിന് അപമര്യാദയായി പെരുമാറിയ കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന ബസിനെതിരേ കേസ് എടുത്തു. കണ്ടക്ടര്‍ക്കെതിരേ നടപടിക്ക് ശിപാര്‍ശ ചെയ്തു. കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ ഒരു കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഭാഗത്തെ ടയര്തേഞ്ഞ നിലയില്‍ കണ്ടെത്തി. ഉടനെ മാറ്റാന്‍ കണ്ടക്ടര്‍ക്ക് നിര്‍ദേശം നല്കി.
കോഴിക്കോട് റീജിണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എ.കെ.ശശികുമാര്‍ , എന്‍ഫോഴ്സ്മെന്റ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പി.എം.ഷബീര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.മേട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ചന്ദ്രകുമാര്‍ , രാകേഷ് എന്നിവര്‍ വടകര, നാദാപുരം സ്റ്റാന്‍ഡുകളിലും സനല്‍, രണ്‍ദീപ് എന്നിവര്‍ കോഴിക്കോട് നഗരത്തിലെ പരിശോധനയ്ക്കും നേതൃത്വം നല്കി.
കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ ബസുകളും പരിശോധിച്ചു. കോഴിക്കോട് പുതിയ ബസ്സ്റ്റാന്‍ഡ്, പാളയം, മാങ്കാവ് എന്നിവിടങ്ങളിലായാണ് നഗരത്തില്‍ പരിശോധന നടത്തിയത്. പുതിയ ബസ് സ്റ്റാന്‍ഡില്‍ പരിശോധന നടക്കുന്നതറിഞ്ഞ് പല ദീര്‍ഘദൂര ബസുകളും ട്രിപ്പ് മുടക്കി. ഇവര്‍ക്കെതിരേയും നടപടി എടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.