പാലക്കാട്: സ്വകാര്യബസ് തൊഴിലാളികളുടെ വിസിലടിയും ബസുകളിലെ ഉച്ചത്തിലുള്ള സൗണ്ട് ഹോണും ശാരീരിക മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി കേരള യൂത്ത് ഫ്രണ്ട് ജേക്കബ്.
പാലക്കാട്ടുനിന്നും ഒറ്റപ്പാലം ഷൊർണൂർ വഴി പോകുന്ന സ്വകാര്യബസുകളിൽ കാതടപ്പിക്കുന്ന ശബ്ദവുമായി ബസ് തൊഴിലാളികൾ യാത്രക്കാരെ ഇറക്കുന്നതിനും വീണ്ടും ബസ് സ്റ്റാർട്ട് ചെയ്യുന്നതിനും ഉപയോഗിക്കുന്ന ഉച്ചത്തിലുള്ള വിസിലടിയുടെ ശബ്ദവും ബസുകളിൽ ഘടിപ്പിച്ചിരിക്കുന്ന ശബ്ദം കൂടിയ ഹോണിന്റെ ശബ്ദകോലാഹലങ്ങളുംമൂലം നിരവധി ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ യാത്രക്കാർ അനുഭവിക്കേണ്ടി വരുന്നതായി കേരള യൂത്ത് ഫ്രണ്ട്-ജേക്കബ് പാലക്കാട് ജില്ലാകമ്മറ്റി ആരോപിച്ചു.
രക്തസമ്മർദം, ഹൃദ്രോഗം, കേൾവിക്കുറവ്, മാനസിക അസ്വസ്ഥതകൾ തുടങ്ങിയവ യാത്രാക്കാർക്കും സ്കൂൾ കുട്ടികൾക്കും പലവിധ രോഗങ്ങളുമായി ബസുകളിൽ യാത്രചെയ്യുന്നവർക്കും ഉണ്ടാകുന്നതായി യോഗം സർക്കാരിന് മുന്നറിയിപ്പു നല്കി.
സ്വകാര്യബസുകളുടെയും മറ്റ് ലോറികളടക്കമുള്ള സ്വകാര്യവാഹനങ്ങളുടെയും മത്സരയോട്ടംമൂലം എതിരെ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് മാരകമായി പരിക്കേല്ക്കുന്ന യാത്രക്കാരുടെ എണ്ണവും മരണമടയുന്നവരുടെ എണ്ണവും വർധിച്ചുവരുന്നതായി യോഗം ആരോപിച്ചു.
ബസ് തൊഴിലാളികളുടെ ബസിലുള്ള വിസിലടിയും ശബ്ദമുണ്ടാക്കുന്ന ഹോണും നിർത്തലാക്കുന്നതിനും സ്വകാര്യബസുകളുടെ മത്സരഓട്ടം നിയന്ത്രിക്കുന്നതിനും ആവശ്യമായ നടപടികൾ സർക്കാരിന്റേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ കേരള യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സന്തോഷ് മാത്യു അറക്കപ്പറന്പിൽ അധ്യക്ഷത വഹിച്ചു.
പാർട്ടി ജില്ലാ പ്രസിഡന്റ് വി.ഡി.ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. കേരള യൂത്ത് ഫ്രണ്ട് ജില്ലാ ജനറൽ സെക്രട്ടറി ബിജോയ് മാടശേരി, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ഐസക് ജോണ് വേളൂരാൻ, പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് വി.ഡി.ഉലഹന്നാൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം തോമസ് ജോണ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.എം.കുരുവിള, വി.അനിൽ കുമാർ, ഗ്രേസി ജോസഫ്, പി.ഒ.വക്കച്ചൻ, അഡ്വ. ടൈറ്റസ് ജോസഫ്, നിയോജകമണ്ഡലം പ്രസിഡന്റുമാരായ കെ.പി.തങ്കച്ചൻ, ചെന്താമരാക്ഷൻ, ജി.രാമചന്ദ്രൻ, സി.ജെ.തോമസ്, വിൻസെന്റ് ഇടയാനിക്കാട്ട്, വി.ജയരാജൻ, എം.എൽ.ജാഫർ, അബ്ദുൾ റഹ്്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.