ആറ്റിങ്ങൽ: കൺസഷൻ നൽകാതെ പ്ലസ് വൺ വിദ്യാർഥിനിയെ സ്വകാര്യ ബസിൽനിന്ന് വഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് തടഞ്ഞു.
ദേശീയപാതയിൽ ഐടിഐക്ക് സമീപം വിദ്യാർഥികൾ ബസ് തടയുമെന്നറിഞ്ഞ ജീവനക്കാർ ബസ് റൂട്ട് മാറ്റി ഓടിക്കുകയായിരുന്നു. തുടർന്ന് കിഴക്കേ നാലുമുക്കിൽവച്ച് വിദ്യാർഥികൾ ബസ് തടഞ്ഞു. ഉടൻതന്നെ ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി വിദ്യാർഥി നേതാക്കളുമായി ചർച്ച നടത്തി.
ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയം കോംപ്ലക്സില്‍ താമസിച്ച് കായിക പരിശീലനം നേടുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്കാണ് ദുരനുഭവമുണ്ടായത്. വെഞ്ഞാറമൂട് ഗവ.ഹയര്‍സെക്കൻഡറി സ്കൂളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിനിയെയാണ് ബസില്‍ നിന്നും ഇറക്കി വിട്ടത്.
വെഞ്ഞാറമൂട്ടില്‍ നിന്നും ആറ്റിങ്ങലിലേക്ക് വരുവാന്‍ അശ്വനി എന്ന സ്വകാര്യ ബസില്‍ കയറിയപ്പോഴാണ് ബസ് ജീവനക്കാര്‍ ഐഡി കാര്‍ഡില്ലെങ്കില്‍ കണ്സഷന് അനുവദിക്കില്ലെന്നും എട്ട് രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടത്. എന്നാല്‍ തന്റെ കൈയില്‍ ആകെ മൂന്നു രൂപയെ ഉള്ളൂവെന്ന് പെണ്‍കുട്ടി പറഞ്ഞു. ഈ മൂന്ന് രൂപയും വാങ്ങി ബസ് ജീവനക്കാര്‍ പെണ്‍കുട്ടിയെ വഴിയില്‍ ഇറക്കി വിടുകയായിരുന്നു.
റോഡില്‍ നിന്നും കരയുന്ന പെണ്‍കുട്ടിയെ നാട്ടുകാര്‍ ശ്രദ്ധിക്കുകയും കാര്യം അന്വേഷിച്ച് പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. സ്പോര്‍ട്സ് ഹോസ്റ്റിലില്‍ മടങ്ങിയെത്തിയ പെണ്‍കുട്ടി ആറ്റിങ്ങല്‍ പോലീസില്‍ പരാതിയും നല്കി.
എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ സെക്രട്ടറി അജി പ്രഭ വഴിതടയൽ സമരം ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്കെതിരെ സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമം തുടർന്നാൽ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് എസ്എഫ്ഐ നേതാക്കൾ അറിയിച്ചു.