വയനാട്: മകൾ ഇറങ്ങുന്നതിന് മുൻപ് ബസ് മുന്നോട്ടെടുത്തത് ചോദ്യം ചെയ്ത പിതാവിന്റെ കാലിലൂടെ ബസ് കയറിയിറങ്ങി. വയനാട് ബത്തേരിയിലാണ് സംഭവം. കാര്യമ്പാടി സ്വദേശി ജോസഫിന്റെ കാലിലൂടെയാണ് ബസ് കയറിയിറങ്ങിയത്.
തുടയെല്ലുകൾ പുറത്തുവന്നും മുട്ടുചിരട്ട തകർന്ന നിലയിലും ജോസഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിൽ നിന്നും വീണ് മകൾക്കും പരിക്കേറ്റു.
മകൾ ഇറങ്ങുന്നതിന് മുൻപ് ബസ് മുന്നോട്ടെടുത്തത് ചോദ്യം ചെയ്യാൻ പിതാവ് വീണ്ടും ബസിന്റെ വാതിലിൽ കയറി. ഇതോടെ പ്രകോപിതരായ ജീവനക്കാർ പിതാവിനെ റോഡിലേക്ക് തള്ളിയിട്ടു ബസ് മുന്നോട്ടെടുക്കുകയായിരുന്നുവെന്നാണ് മകളുടെ മൊഴി.
ആശുപത്രിയിൽ എത്തിക്കാൻ പോലും ബസ് ജീവനക്കാർ തയാറായില്ലെന്നും പരാതിയുണ്ട്. സംഭവത്തിൽ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല.