ഉപകാരം ചെയ്തത് വിനയായി! അവശയായ യുവതിയ്ക്ക് ബസില്‍ ഇരിക്കാന്‍ സീറ്റ് നല്‍കി; യാത്രക്കാരിയായ സ്ത്രീയ്ക്ക് നഷ്ടപ്പെട്ടത് 46,000 രൂപ; സംഭവമിങ്ങനെ

ഉപകാരം ചെയ്തത് ഉപദ്രവമായി ഭവിക്കുന്ന കാഴ്ചകളോ അനുഭവങ്ങളോ എല്ലാവര്‍ക്കും സംഭവിച്ചിട്ടുണ്ടാവും. ഇത്തരത്തില്‍ ഒരു സ്ത്രീ ചെയ്ത ഉപകാരം തനിക്കു തന്നെ വിനയായ ഒരു സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ബസില്‍ സീറ്റിലിരിക്കാന്‍ സൗകര്യമൊരുക്കി നല്‍കിയ യാത്രാക്കാരിയുടെ ബാഗില്‍ നിന്ന് എടിഎം കാര്‍ഡ് കവര്‍ന്ന് 40,000 രൂപ പിന്‍വലിച്ചതാണ് സംഭവം. കേസില്‍ പ്രതിയായ യുവതിയെ പോലീസ് തിരിച്ചറിയുകയും ചെയ്തു. യാത്രക്കാരിയുടെ ഹാന്‍ബാഗിലുണ്ടായിരുന്ന ആറായിരം രൂപയും ഇതോടൊപ്പം നഷ്ടമായിരുന്നു.

മൂവാറ്റുപുഴ പായിപ്ര മാനാറി മുണ്ടയ്ക്കല്‍ വീട്ടില്‍ സീതാലക്ഷ്മിയുടെ എടിഎം കാര്‍ഡ് മോഷ്ടിച്ചാണ് 40,000 രൂപ കവര്‍ന്നത്. മോഷണം നടത്തിയ യുവതിയെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണു കണ്ടെത്തിയത്. ദൃശ്യങ്ങളില്‍ നിന്നു യുവതിയെ സീതാലക്ഷ്മിയും തിരിച്ചറിഞ്ഞു. കഴിഞ്ഞ മേയ് 22 നു മൂവാറ്റുപുഴയില്‍ നിന്നു പട്ടിമറ്റത്തേക്കുള്ള ബസ് യാത്രക്കിടെയാണു സംഭവം.

നല്ല തിരക്കുണ്ടായിരുന്ന ബസില്‍ അവശനിലയില്‍ നിന്ന യുവതിയെ സീതാലക്ഷ്മി തന്റെ അരികില്‍ സീറ്റു നല്‍കി ഇരുത്തി.വീട്ടിലെത്തിയപ്പോഴാണു സ്വന്തം ഹാന്‍ഡ് ബാഗില്‍ നിന്ന് എടിഎം കാര്‍ഡും ആറായിരം രൂപയും നഷ്ടപ്പെട്ട കാര്യം സീതാലക്ഷ്മി അറിയുന്നത്. ഇതിനിടെ എടിഎം കാര്‍ഡ് ഉപയോഗിച്ചു മൂന്നു തവണയായി 40,000 രൂപ പിന്‍വലിച്ചെന്ന മൊബൈല്‍ സന്ദേശവുമെത്തി.

സീതാലക്ഷ്മിയുടെ എടിഎം കാര്‍ഡിനു പിറകില്‍ രഹസ്യ പിന്‍നമ്പര്‍ എഴുതിയിരുന്നു. ഇതുപയോഗിച്ചാണു പട്ടിമറ്റത്തെ എസ്ബിഐ എടിഎമ്മില്‍നിന്ന് 10,000 രൂപ വീതം രണ്ടു തവണയും കോലഞ്ചേരി ഫെഡറല്‍ ബാങ്കിന്റെ എടിഎമ്മില്‍നിന്ന് 20,000 രൂപയും പിന്‍വലിച്ചത്. യാത്രക്കാരി ബാങ്കിലും പോലീസ് സ്റ്റേഷനിലും പരാതി നല്‍കി. ഇതേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്.

Related posts