
തലയോലപ്പറന്പ്: ടിപ്പർ ലോറിയും കെഎസ്ആർടിസി ബസും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് ഡ്രൈവർക്കും യാത്രക്കാരിയ്ക്കും പരിക്കേറ്റു. ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചതിന്റെ ആഘാതത്തിൽ ബസിന്റെ ഡോർ തുറന്നു ഡ്രൈവർ പുറത്തേക്കു തെറിച്ചു ടിപ്പർ ലോറിയുടെ അടിയിൽ അകപ്പെടാതിരുന്നത് ബസിലുണ്ടായിരുന്ന സ്ത്രീ പിടിച്ചതുകൊണ്ടായിരുന്നു.
നിസാര പരിക്കേറ്റ ബസ് ഡ്രൈവറെ വൈക്കം താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 7.30ന് തലയോലപ്പറന്പ് വടയാർ യുപി സ്കൂളിനു സമീപത്തെ വളവിലായിരുന്നു അപകടം. അമിത വേഗത്തിൽ എത്തിയ ടിപ്പർ ലോറിയിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചു മാറ്റാൻ ഡ്രൈവർ ശ്രമിച്ചെങ്കിലും ലോറിയുമായി കൂട്ടിയിടിച്ചശേഷം വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് ബസ് നിന്നത്.
ബസ് വൈക്കത്തുനിന്നു കോട്ടയത്തേക്കും ടിപ്പർ ലോറി വൈക്കം ഭാഗത്തേക്കും വരികയായിരുന്നു. അപകടത്തെ തുടർന്ന് വൈക്കത്തുനിന്നു ഫയർഫോഴ്സെത്തി വാഹനങ്ങൾ നീക്കിയാണ് ഗതാഗത തടസമൊഴിവാക്കിയത്. തലയോലപ്പറന്പ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.