ചാലക്കുടി: മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്നും കൊള്ളപ്പലിശക്കാർ സ്വകാര്യ ബസ് തട്ടിക്കൊണ്ടുപോയി. കനകമല-പാലപ്പിള്ളി റൂട്ടിലോടുന്ന ഗോഡ്സണ്‍ എന്ന സ്വകാര്യ ബസാണ് തട്ടിക്കൊണ്ടുപോയത്. ബസുടമ കനകമല സ്വദേശി കുയിലാടൻ റോബിൻ ഇതു സംബന്ധിച്ച് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് വരന്തരപ്പിള്ളി പള്ളിക്കുന്ന് സ്വദേശി ഷാറ്റോയുടെ പേരിൽ പോലീസ് കേസെടുത്തു.
ഇന്നലെ വൈകിട്ട് 5.30നാണ് ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് കി കണക്ഷൻ മാറ്റിയാണ് ഓടിച്ചുകൊണ്ടുപോയത്. ബസുടമ റോബിൻ പണം പലിശയ്ക്ക് കൊടുക്കുന്ന ഷാറ്റോയുടെ കൈയിൽ നിന്നും രണ്ട് ലക്ഷം രൂപ പലിശയക്ക് വാങ്ങിയിരുന്നു.
ഇതിന്റെ പലിശ കൃത്യമായി കൊടുക്കാറുണ്ടെന്ന് പോലീസ് നൽകിയ പരാതിയിൽ പറയുന്നു. മുനിസിപ്പൽ ബസ് സ്റ്റാൻഡ് കൊള്ളപ്പലിശക്കാരുടെ വിഹാരരംഗമാണ്. ബസുടമകളും ബസ് ജീവനക്കാരും കൊള്ളപ്പലിശക്കാരുടെ ഇരകളാണ്.