കോട്ടയം: ബേക്കർ ജംഗ്ഷനും ഉപ്പൂട്ടി കവലയ്ക്കും ഇടയ്ക്ക് ബസ് യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്. നാടോടി സ്ത്രീകളുടെ കവർച്ച അടുത്ത നാളിൽ ഏറ്റവുമധികം നടന്നത് ഉപ്പൂട്ടി കവലയ്ക്കും ബേക്കർ ജംഗ്ഷനും ഇടയ്ക്കു വച്ചാണ്. അതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കുക.
പ്രത്യേകിച്ച് സ്ത്രീകൾ. ഇന്നലെ ഒരു യാത്രക്കാരിയുടെ 7000രൂപയാണ് ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടത്. പതിനായിരം, അയ്യായിരം, നാൽപ്പതിനായിരം ഇങ്ങനെ പോകുന്നു പലർക്കും പണം നഷ്ടപ്പെട്ടതിന്റെ കണക്ക്. ഇന്നലെ തിരുവാറ്റ സ്വദേശിനിയുടെ 7000രൂപയാണ് ഹാൻഡ് ബാഗിൽനിന്ന് തട്ടിയെടുത്തത്. ഉപ്പൂട്ടി കവലയിൽനിന്ന് കയറിയ യാത്രക്കാരി ബേക്കർ ജംഗ്ഷനിലെത്തിയപ്പോൾ ഹാൻഡ് ബാഗിൽ കിടന്ന പഴ്സ് കാണാനില്ല.
പഴ്സിലാണ് പണം സൂക്ഷിച്ചിരുന്നത്. ഉച്ചകഴിഞ്ഞപ്പോൾ പഴ്സ് ഏറ്റുമാനൂരിൽനിന്ന് കിട്ടിയതായി ഒരാൾ വിളിച്ചു പറഞ്ഞു. പഴ്സിൽ ഉണ്ടായിരുന്ന ബാങ്ക് രേഖകളിൽ ഫോണ് നന്പരുണ്ടായിരുന്നു. പണമെടുത്ത ശേഷം പഴ്സ് ഏറ്റുമാനൂർ ക്ഷേത്രത്തിനു സമീപത്തെ റോഡരികിൽ വലിച്ചെറിയുകയായിരുന്നു. ഉപ്പൂട്ടി കവലയിൽനിന്ന് കയറുന്പോൾ രണ്ടു സ്ത്രീകൾ അനാവശ്യ തിരക്കുണ്ടാക്കിയെന്നു പറയുന്നു.
ഏതാനും മാസം മുൻപ് പുത്തനങ്ങാടി സ്വദേശിനിയുടെ നാൽപ്പതിനായിരം രൂപ തട്ടിയെടുത്തത് സിഎംഎസ് കോളജ് ജംഗ്ഷനിൽനിന്ന് അറുത്തൂട്ടിയിലേക്ക് പോകുന്പോഴാണ്. സിഎംഎസ് കോളജ് കഴിഞ്ഞാൽ ചാലുകുന്നാണ് അടുത്ത സ്റ്റോപ്പ്. അതിനടുത്തത് അറുത്തൂട്ടി. രണ്ടാമത്തെ സ്റ്റോപ്പിൽ ഇറങ്ങും മുൻപേ ബാഗിൽനിന്ന് 40,000രൂപ തട്ടിയെടുത്തു.
സിഎംഎസ് കോളജ് ജംഗ്ഷനിലെ എസ്ബിഐ ബാങ്കിൽനിന്ന് പണമെടുക്കാൻ എത്തിയത് ഭാര്യയും ഭർത്താവും ചേർന്നാണ്. പണയം വച്ച സ്വർണം തിരിച്ചെടുത്ത് ഹാൻഡ് ബാഗിലെ ഉള്ളിലെ അറയിലും പണം ബാഗിലുമാണ് വച്ചിരുന്നത്. ബസ് സ്റ്റോപ്പിനടുത്തുള്ള ബ്ലേഡുകാരന് നല്കാനായിരുന്നു പണം. ബാങ്കിനു പുറത്തുവച്ച് പണം എണ്ണി തിട്ടപ്പെടുത്തി ബാഗിൽ വച്ചത് നാടോടി മോഷ്ടാക്കൾ കണ്ടിരിക്കാമെന്നു കരുതുന്നു.
മോഷണത്തിനെത്തുന്നത് മൂന്നംഗ സ്ത്രീകളാണ്. ബസിൽ ഹാൻഡ് ബാഗുമായി സ്ത്രീകൾ കയറിയാൽ രണ്ടുപേർ ചേർന്ന് അനാവശ്യ തിരക്കുണ്ടാക്കി. അതിലൊരാൾ ബാഗിന്റെ സിബ് തുറന്ന് പഴ്സ് മോഷ്ടിച്ച് മൂന്നാമത്തെയാൾക്ക് നല്കും. അവർ പഴ്സുമായി അടുത്ത സ്റ്റോപ്പിലിറങ്ങും. തിരക്കുണ്ടാക്കുന്ന സ്ത്രീകൾ അതിനടുത്ത സ്റ്റോപ്പിലേ ഇറങ്ങൂ. തിരക്കുണ്ടാക്കുന്ന സ്ത്രീകളെ ബസിൽ വച്ച് സംശയിച്ച് പിടിച്ചാലും പഴ്സ് അവരുടെ കൈവശമില്ലാത്തതിനാൽ വിട്ടയക്കും. ഇതാണ് ഇവരുടെ തന്ത്രം.