സ്വന്തം ലേഖകൻ
തൃശൂർ: വിദേശപര്യടനം കഴിഞ്ഞു മുഖ്യമന്ത്രി തിരിച്ചെത്തിയാലുടൻ ബസ് ഉടമകളുമായി ചർച്ച നടത്താമെന്ന ഗതാഗതമന്ത്രിയുടെ ഉറപ്പ് പാഴായി. നാലിന് വിദേശപര്യടനം കഴിഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തിയെങ്കിലും ഇതുവരെയും മുഖ്യമന്ത്രിയുമായി ഗതാഗതമന്ത്രി ചർച്ച നടത്തുകയോ, ബസുടമകൾ ഉന്നയിച്ച വിഷയങ്ങൾ സംസാരിക്കുകയോ ചെയ്തിട്ടില്ല.
നവംബർ 18നു ഗതാഗതമന്ത്രിയും ബസുടമകളും നടത്തിയ ചർച്ചയെതുടർന്ന് ബസുടമകൾ പ്രഖ്യാപിച്ചിരുന്ന സമരം വേണ്ടെന്നുവച്ചിരുന്നു. മുഖ്യമന്ത്രി മടങ്ങിയെത്തിയാലുടൻ ചർച്ച നടത്തി പ്രശ്നങ്ങൾക്കു പരിഹാരം കാണുമെന്ന ഗതാഗതമന്ത്രിയുടെ ഉറപ്പിൻമേലാണ് അന്നു സമരം ഉപേക്ഷിച്ചത്.
എന്നാൽ, രണ്ടാംവട്ട ചർച്ചകളൊന്നും നടക്കാത്ത സാഹചര്യത്തിൽ ബസുടമകൾ സർവീസുകൾ നിർത്തിവച്ച് സമരപരിപാടികളിലേക്കു നീങ്ങേണ്ട അവസ്ഥയിലാണിപ്പോൾ. ഏതാനും ദിവസങ്ങളായി ഡീസലിന്റെ വില കുതിച്ചുയരുകയാണെന്നും രൂക്ഷമായ ഗതാഗതക്കുരുക്കും റോഡുകളുടെ ശോച്യാവസ്ഥയും ഡീസലിന്റെ അധിക ചെലവുമെല്ലാം സ്വകാര്യ ബസ് സർവീസിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും തൃശൂർ ഡിസ്ട്രിക്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ ബസ് ചാർജ് വർധിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും, അതല്ലാതെ മറ്റു മാർഗങ്ങളില്ലെന്നും അസോസിയേഷൻ പ്രസിഡന്റ് എം.എസ്. പ്രേംകുമാർ, ജനറൽ സെക്രട്ടറി ആന്റോ ഫ്രാൻസിസ് എന്നിവർ പറഞ്ഞു. സർക്കാർ ഇനിയും ചർച്ചയ്ക്കു വിളിക്കാനോ പ്രശ്നങ്ങൾ പരിഹരിക്കാനോ ബസ് ചാർജ് വർധിപ്പിക്കാനോ തയാറായില്ലെങ്കിൽ സമരത്തിലേക്കു നീങ്ങാനാണ് ബസുടമകളുടെ നീക്കം.