കോട്ടയം: യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഒഴിവാക്കി സുരക്ഷിതമായി ലക്ഷ്യ സ്ഥാനങ്ങളിൽ എത്തിക്കാൻ കെഎസ്ആർടിസി ആരംഭിച്ച ബസ് ഓണ്‍ ഡിമാൻഡ് പദ്ധതിക്ക് ജില്ലയിൽ തുടക്കമാകുന്നു.
കോട്ടയം ഡിപ്പോയിൽനിന്നും തിരുവല്ല, വൈക്കം വഴി എറണാകുളം, കുമളി എന്നിവിടങ്ങളിലേക്കാണ് ബസ് ഓണ്‍ ഡിമാൻഡ് സർവീസ്. പാലായിൽനിന്നും കോട്ടയം, വൈക്കം, മുണ്ടക്കയം, തൊടുപുഴ, എറണാകുളം എന്നിവിടങ്ങളിലേക്കാണ് സർവീസ് തുടങ്ങുന്നത്.
ഈരാറ്റുപേട്ടയിൽനിന്നും കോട്ടയത്തേക്കും വാഗമണിലേക്കും സർവീസ് നടത്തും. വൈക്കത്തുനിന്നും തൊടുപുഴ എറണാകുളം എന്നിവിടങ്ങളിലേക്കാണ് സർവീസ്.
ചങ്ങനാശേരിയിൽനിന്നും ആലപ്പുഴയിലേക്കും പൊൻകുന്നം, എരുമേലി ഡിപ്പോകളിൽനിന്നും കോട്ടയത്തേക്കും റാന്നി, പുനലൂർ എന്നിവിടങ്ങളിലേക്കും സർവീസ് തുടങ്ങാനാണ് ആലോചന.
ഒരു പ്രദേശത്തേക്ക് സ്ഥിരം യാത്ര ചെയ്യുന്നവർക്ക് അവരുടെ സമയക്രമത്തിന് ബസ് സർവീസ് നടത്തുന്നതാണു പദ്ധതി. സർക്കാർ ജീവനക്കാർ, വിവിധ കന്പനികളിലെയും സ്ഥാപനങ്ങളിലെയും ജോലിക്കാർ തുടങ്ങിയവർക്ക് സ്കൂൾ ബസ് മാതൃകയിലാണ് സർവീസ്.
അടുത്ത ആഴ്ച സർവീസ് തുടങ്ങാനാണു കെഎസ്ആർടിസിയിലെ വിവിധ ഡിപ്പോ അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ബൈക്ക് യാത്രക്കാരെയും കാർ യാത്രക്കാരെയും കെഎസ്ആർടിസി ബസുകളിലേക്ക് ആകർഷിക്കുന്നതിനാണു പദ്ധതി തയാറാക്കിയിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര, നെടുമങ്ങാട് ഡിപ്പോകളിൽ വിജയിച്ച പദ്ധതിയാണിത്. യാത്രക്കാർ ആവശ്യപ്പെടുന്നതും കളക്ഷൻ ലഭിക്കുന്നതുമായ റൂട്ടിൽ സർവീസുകൾ ആരംഭിക്കാനാണ് നിർദേശം.
സർവീസ് വേണ്ടവർക്ക് അതാതു ഡിപ്പോകളിൽ വിളിച്ച് അറിയിച്ച് ബുക്ക് ചെയ്യാം. എവിടെനിന്നു കയറുമെന്നും എവിടേക്കാണ് യാത്രയെന്നും എത്ര പേരുണ്ടാകുമെന്നും മുൻകൂട്ടി അറിയിക്കണം. തിരിച്ചുള്ള യാത്രയ്ക്കും സർവീസ് നടത്തും.
യാത്രക്കാരുടെ ബൈക്ക്, കാർ തുടങ്ങിയവ കെഎസ്ആർടിസി ഡിപ്പോകളിൽ പാർക്ക് ചെയ്യാനും സംവിധാനം ഒരുക്കും. ഡിപ്പോയിൽ സ്ഥലമില്ലെങ്കിൽ സമീപത്ത് സ്ഥലം കണ്ടെത്താനാണ് നിർദേശം. യാത്രക്കാർക്കു തുടർച്ചയായി 10, 15, 20, 25 ദിവസത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം.
ഇതിന്റെ അടിസ്ഥാനത്തിൽ ബോണ്ട് സീസണ് ടിക്കറ്റ് ലഭിക്കും. പ്രത്യേക നിരക്കായിരിക്കും ഇടാക്കുക. യാത്രക്കാരെ അവരവർക്ക് ഇറങ്ങേണ്ട ഓഫീസിനു മുന്നിൽ ഇറങ്ങാനും അവിടെനിന്നു കയറാനുമുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. യാത്രക്കാർക്ക് അപകട സാമൂഹ്യ ഇൻഷ്വറൻസും ഉറപ്പാക്കുന്നുണ്ട്.