കണ്ണൂർ: മിനിമം ചാർജ് 10 രൂപയാക്കി നിശ്ചയിക്കുക, മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം സിംഗിൾ സ്റ്റേജായി നിലനിർത്തുക, വിദ്യാർഥികളുടെ മിനിമം ചാർജ് രണ്ടുരൂപയും യാത്രാനിരക്ക് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്ന 25 ശതമാനവും ആക്കുക, കിലോമീറ്റർ നിരക്കിൽ കാലോചിതമായ വർധന ഏർപ്പെടുത്തുക, ബസുകളുടെ പ്രായപരിധി 20 വർഷമായി നിജപ്പെടുത്തുക, ഡീസൽ വിലയിൽ സ്വകാര്യ ബസുകൾക്ക് ഇളവ് അനുവദിക്കുക തുടങ്ങിയ അടിയന്തര ആവശ്യങ്ങൾ ഉന്നയിച്ചു സംസ്ഥാന സർക്കാരിനു നിവേദനം നൽകുമെന്നു കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു.
26ന് സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ബസുടമ സംഘടനകളുടെയും യോഗം തിരുവനന്തപുരത്തുചേരും. മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസനിധിയിലേക്കു കണ്ണൂർ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സ്വരൂപിച്ച സംഖ്യയും ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സ്വരൂപിച്ച സംഖ്യയും ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ ഏറ്റുവാങ്ങി.
വിവിധ ജില്ലകളിൽ നിന്നു സ്വരൂപിക്കുന്ന സംഖ്യ സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ മുഖ്യമന്ത്രിക്ക് കൈമാറും. ഓർഗനൈസേഷൻ ഓഫീസിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി.കെ. പവിത്രൻ അധ്യക്ഷത വഹിച്ചു. കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ വി.ജെ. സെബാസ്റ്റ്യൻ, ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. വിദ്യാധരൻ, ഓർഗനൈസേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. വിനോദ് കുമാർ, ട്രഷറർ പി. അജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.