പാട്ടു വരുത്തിയ വിന! പാട്ടിന്റെ സൗണ്ട് കുറയ്ക്കാന്‍ യാത്രക്കാരന്‍; ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇറങ്ങിക്കോളാന്‍ ജീവനക്കാര്‍; ബസുകാരെ ഇളിഭ്യരാക്കി യാത്രക്കാരുടെ മറുപാര…

bussസ്വകാര്യ ബസുകളില്‍ പാട്ടുവച്ചുകൊണ്ട് യാത്രക്കാരെ സന്തോഷിപ്പിക്കുന്നത് ജീവനക്കാരുടെ സ്ഥിരം കലാപരിപാടിയാണ്. പക്ഷേ, യാത്രക്കാര്‍ക്കിത് ശല്യമാണെന്നതാണ് യാഥാര്‍ഥ്യം. ബസുകാരോട് പരാതി പറഞ്ഞിട്ട് കാര്യമായ പ്രയോജനമില്ലതാനും. എന്നാല്‍ കണ്ണൂരിലെ ഒരുകൂട്ടം യാത്രക്കാര്‍ ബസുകാരെ ഒരു പാഠം പഠിപ്പിച്ച കഥയാണ് ഇനി പറയുന്നത്. കണ്ണൂര്‍ ആശുപത്രി സ്റ്റാന്‍ഡില്‍ നിന്നു മയ്യിലിലേക്ക് പോകുന്ന സ്വകാര്യ ബസിലാണ് സംഭവം അരങ്ങേറുന്നത്. ബസ് പുതിയ തെരുവില്‍ എത്തിയപ്പോഴാണു പ്രശ്‌നങ്ങളുടെ തുടക്കം. ബസിലെ പാട്ട് നിര്‍ത്തണമെന്ന് മധ്യവയസ്കനായ യാത്രക്കാരന്‍ ആവശ്യപ്പെട്ടു. പറ്റില്ലെന്ന് കൗണ്ടക്ടറും കിളിയും. ഇതോടെ യാത്രക്കാരന്‍ ശാന്തനായി.

ബസ് ഡ്രൈവറുടെ വക പണിയായിരുന്നു അടുത്തത്. പാട്ടിന്റെ ശബ്ദം വീണ്ടും ഇയാള്‍ ഉയര്‍ത്തി. ഇതോടെ യാത്രക്കാരന്‍ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പാട്ട് ഇഷ്ടമല്ലെങ്കില്‍ ഇറങ്ങിപ്പോവാനായിരുന്നു ബസ് ജീവനക്കാരുടെ മറുപടി. ഇതോടെ മറ്റു യാത്രക്കാരും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധിച്ചയാള്‍ക്കൊപ്പം മറ്റു യാത്രക്കാരും അടുത്ത സ്‌റ്റോപ്പില്‍ ഇറങ്ങിപ്പോയി. അതോടെ ബസ് ജീവനക്കാര്‍ ഇളിഭ്യരായി. പിന്നീട് യാത്രക്കാരില്ലാതെ ഓട്ടം പൂര്‍ത്തിയാക്കേണ്ടിവന്നു ബസിന്.

പല സ്വകാര്യ ബസുകളിലും അമിതശബ്ദത്തില്‍ പാട്ടു വയ്ക്കുന്നത് യാത്രക്കാരെ ചില്ലറയൊന്നുമല്ല വലയ്ക്കുന്നത്. ഇതുമൂലം വിളിച്ചു പറയുന്ന സ്ഥലപേരുകള്‍ യാത്രക്കാര്‍ക്ക് കേള്‍ക്കാനും പറ്റില്ല.  ഇത്തരം നിയമലംഘനങ്ങള്‍ പരിശോധിക്കാന്‍ ഉദ്യോസ്ഥരും മടിക്കുന്നതായാണ് ആരോപണം. എന്തായാലും കണ്ണൂരിലെ യാത്രക്കാരുടെ പ്രതിഷേധപാത മറ്റു യാത്രക്കാരും പിന്തുടര്‍ന്നാല്‍ ബസുകാരുടെ അഹങ്കാരം കുറയുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Related posts