ഏറ്റുമാനൂർ: മാന്നാനത്ത് ബസിൽനിന്നു വീണ് വീട്ടമ്മയ്ക്കു പരിക്കേറ്റ സംഭവത്തിൽ ബസിന്റെ ഫിറ്റ്നസും പെർമിറ്റും റദ്ദാക്കി. പാലാ ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന പാലക്കാട്ട് മോട്ടോഴ്സിന്റെ പെർമിറ്റാണ് കോട്ടയം ആർടിഒ ആർ. രമണൻ സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ ദിവസം മാന്നാനം കെഇ സ്കൂളിനു സമീപം ബസിനുള്ളിൽനിന്നു തെറിച്ചുവീണ് മാന്നാനം സ്വദേശി കൊച്ചുറാണിക്കു പരിക്കേറ്റിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് മോട്ടോർ വാഹന വകുപ്പ് അന്വേഷണം നടത്തുകയായിരുന്നു.
ആർടിഒയുടെ നിർദ്ദേശപ്രകാരം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനോയ് ജോസഫ് , അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ടി.എസ്. പ്രജു, ശ്രീകുമാർ എന്നിവരാണ് ബസിൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.
ബസിന്റെ ഡോറിന്റെ ലോക്ക് താഴേക്ക് തുറക്കുന്ന രീതിയിലായിരുന്നുവെന്ന് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തി.
പല ഭാഗങ്ങളും തുരുമ്പുപിടിച്ച നിലയിൽ ആയിരുന്നു. ഇതേത്തുടർന്നാണ് ബസിന്റെ ഫിറ്റ്നസും പെർമിറ്റും റദ്ദു ചെയ്യാൻ മോട്ടോർ വാഹന വകുപ്പു നടപടി സ്വീകരിച്ചത്. കണ്ടക്ടർക്കും ഡ്രൈവർക്കും ഷോക്കോസ് നോട്ടീസ് നൽകിയിട്ടുണ്ട്. ഇരുവരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തേക്കും.