അഞ്ചല്‍ : വിനോദ യാത്ര പുറപ്പെടും മുമ്പ് സ്കൂള്‍ വളപ്പില്‍ അപകടം ഉണ്ടാക്കും വിധം അഭ്യാസ പ്രകടനം നടത്തിയ സംഭവത്തില്‍ രണ്ട് ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തു. അഞ്ചല്‍ ഈസ്റ്റ് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വളപ്പിലെ അഭ്യാസ പ്രകടനം നടത്തിയ രണ്ട് ബസുകളാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ബസുകള്‍ അഞ്ചല്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
വിനോദയാത്രകഴിഞ്ഞു മടങ്ങിയെത്തിയ ഇരുബസുകളും ശനിയാഴ്ച പുലര്‍ച്ചയോടെ ജില്ല അതിര്‍ത്തിയില്‍ വച്ച് പുനലൂര്‍ മോട്ടര്‍ വാഹനവകുപ്പ് അസി: ഇന്‍സ്പെക്ടര്‍മാരായ റാംജി കെ കരന്, ജി ആര് രമേശ്, സേഫ് കൊല്ലം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ശരത് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു.
തുടര്‍ന്ന് അഞ്ചലില്‍ എത്തിച്ച ബസുകള്‍ കുട്ടികളെ ഇറക്കിയ ശേഷം കസ്റ്റഡിയില്‍ എടുത്തു. ബസുകളുടെ പെര്‍മിറ്റ്, ഫിറ്റ്നസ് എന്നിവ റദ്ദ് ചെയ്തു. ഇരുവാഹനങ്ങളിലെയും ഡ്രൈവര്‍മാരുടെ ലൈസന്‍സ് അധികൃതര്‍ പിടിച്ചെടുത്തു. ഇത് റദ്ദ് ചെയ്യുന്നതിനായി പുനലൂര്‍ ജോയിന്റ് ആര്‍ടിഒക്ക് സമര്‍പ്പിക്കും.
ഡ്രൈവര്‍മാരായ നിയാസ് എം സലിം, ബിനു എന്നിവരെ കസ്റ്റഡിയില്‍ എടുത്ത ശേഷം സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. ഇവരുടെ ലൈസന്‍സുകള്‍ ആറുമാസത്തക്ക് റദ്ദ് ചെയ്യുമെന്നാണ് സൂചന. ഇക്കഴിഞ്ഞ 26-നായിരുന്നു വിനോദ യാത്ര പുറപ്പെടുന്നതിന് മുമ്പ് ബസുകള്‍ ഉപയോഗിച്ച് സ്കൂള്‍ വളപ്പില്‍ അപകടമുണ്ടാക്കും വിധം അഭ്യാസ പ്രകടനം കാണിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതം മാധ്യമങ്ങള്‍ വാര്‍ത്ത ചെയ്തതോടെ മോട്ടോര്‍ വാഹന വകുപ്പ് സ്വമേധയ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സംഭവത്തില്‍ റൂറല്‍ പോലീസ് മേധാവി ഹരിശങ്കറുടെ നിര്‍ദേശ പ്രകാരം അഞ്ചല്‍ പോലീസും കേസ് എടുത്തിട്ടുണ്ട്. സ്കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജില്ല വിദ്യഭ്യാസ ഓഫീസറും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.