ബോബൻ ബി. കിഴക്കേത്തറ
കളമശേരി: സംസ്ഥാനത്തെ മുഴുവൻ ബസുകളിലും റൂട്ട് ബോർഡിൽ സ്ഥല നാമം ഇംഗ്ലീഷിലും രേഖപ്പെടുത്തണമെന്ന് ട്രാൻസ്പോർട് കമ്മീഷണർ ഉത്തരവായി. പുതിയ ബസ് പെർമിറ്റ് അനുവദിക്കുമ്പോൾ ഈ നിർദേശം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് എല്ലാ ആർ ടി ഒ മാർക്കും സർക്കുലർ അയച്ചതായി ഗതാഗത വകുപ്പ് അറിയിച്ചു. ആലുവ സ്വദേശി ഖാലിദ് മുണ്ടപ്പള്ളിയുടെ നിവേദനത്തെ തുടർന്നാണ് ഈ നിർദ്ദേശം.
കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളുടേയും വിവിധ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യവുമാണ് ബഹുഭാഷാ ബോർഡുകൾ ഉപയോഗിക്കാൻ ഗതാഗത വകുപ്പിനെ പ്രേരിപ്പിച്ചത്. കെഎസ്ആർടിസി, സ്വകാര്യ ബസുകളിൽ മലയാളത്തിലുള്ള റൂട്ട് ബോർഡ് വായിക്കാനറിയാതെ ബുദ്ധിമുട്ടുന്നത് ഒഴിവാക്കാനാണ് ഇംഗ്ലീഷ് ഭാഷയിലും വിവരണം ഉൾപ്പെടുത്തുന്നത്.
2018ൽ 13 ലക്ഷം ടൂറിസ്റ്റുകൾ കേരളം സന്ദർശിക്കുമെന്ന ടൂറിസം വകുപ്പിന്റെ കണക്ക് നിവേദനത്തിൽ ഉൾപ്പെടുത്തിയതായി ഖാലീദ് മുണ്ടപ്പിള്ളി പറഞ്ഞു. നിവേദനം അംഗീകരിക്കപ്പെട്ടതോടെ ദിവസേന യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾക്കും ഈ തീരുമാനം ഉപകാരപ്രദമാകും.
നിലവിൽ ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലായി ജോലി ചെയ്യുന്ന പെരുമ്പാവൂർ മേഖലയിൽ മലയാളത്തെ കൂടാതെ ഹിന്ദിയിലും ഇംഗ്ലീഷിലും പ്രധാന സ്ഥലനാമങ്ങൾ ചില സ്വകാര്യ ബസുകളിൽ ഉപയോഗിക്കുന്നുണ്ട്. എന്നാൽ സർക്കാർ ഉത്തരവ് ഇല്ലാത്തതിനാൽ കെഎസ്ആർടിസി ബസുകൾ മലയാളം മാത്രമേ ഉപയോഗിക്കുന്നുള്ളൂ.
കൊച്ചി കോർപ്പറേഷൻ ഇതിനായി മുന്നൊരുക്കം നടത്തിയെങ്കിലും പദ്ധതി അധികം മുന്നോട്ടു പോയില്ല. 2013 ൽ ഗതാഗത വകുപ്പ് മുൻകൈയെടുത്ത് സ്ഥലനാമങ്ങളോടൊപ്പം പ്രത്യേക നമ്പർ നൽകാൻ തീരുമാനമെടുത്തിരുന്നു. എന്നാൽ പ്രാരംഭ ചെലവിന് പണം കണ്ടെത്താനാകാതിരുന്നതിനാൽ ആ പദ്ധതിയും ഉപേക്ഷിക്കപ്പെടുകയായിരുന്നു.
ബോർഡിന് വലിപ്പം കൂട്ടാതെ തന്നെ മറ്റൊരു ഭാഷയിലും സ്ഥലനാമം ചേർക്കുകയെന്നത് ശ്രമകരമാകുമെന്ന് ബസുടമകൾ പറയുന്നു. മാത്രമല്ല ഇംഗ്ലീഷ് അക്ഷരങ്ങൾ ഓരോ ബസിലും വ്യത്യസ്തമായി എഴുതുന്നതും മലയാളികൾ അല്ലാത്തവർക്ക് ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും അഭിപ്രായമുണ്ട്.