തൊടുപുഴ: നിയമലംഘനം നടത്താൻ അന്തർ സംസ്ഥാന ബസ് സർവീസുകൾ രജിസ്റ്റർ ചെയ്യുന്നത് ഇതരസംസ്ഥാനങ്ങളിൽ. കുമളി അതിർത്തി ചെക്ക് പോസ്റ്റിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ പിടി കൂടിയ നാലു ബസുകളിൽ മൂന്നെണ്ണവും രജിസ്റ്റർ ചെയ്തിരിക്കുന്നത് അരുണാചൽ പ്രദേശിൽ. നികുതി വെട്ടിക്കാനായി പ്രമുഖർ ഉൾപ്പെടെയുള്ളവരുടെ വാഹനങ്ങൾ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തിരുന്നത് ഇടക്കാലത്ത് വിവാദമായിരുന്നു.
മോട്ടോർ വാഹന വകുപ്പ് ഇതിനെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ അന്തർ സംസ്ഥാന സർവീസുകൾ നടത്തുന്ന ബസുകളുടെ നിയമലംഘനം കണ്ടെത്താൻ മോട്ടോർവാഹന വകുപ്പ് നടത്തി വരുന്ന പരിശോധനയിൽ ഒട്ടേറെ ബസുകൾ ഇതരസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യുന്നതായി കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം കുമളിയിൽ നിന്നും സർവീസ് നടത്തുന്ന നാല് അന്തർ സംസ്ഥാന സർവീസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ നടപടി സ്വീകരിച്ചതിൽ മൂന്നു ബസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് അരുണാചൽപ്രദേശിലാണെന്ന് കണ്ടെത്തി. എആർ 01 ജെ 364, 366, 5213 നന്പരുകളിലാണ് ഈ ബസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കെഎൽ 45 എച്ച് 3942 ബസിനെതിരെയും നടപടി സ്വീകരിച്ചു. ഗുരുതര നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് ഇവരിൽ നിന്നും പിഴ ഈടാക്കിയതിനു പുറമെ പെർമിറ്റ് റദ്ദു ചെയ്യുന്നതിനുള്ള നടപടിയും സ്വീകരിക്കുമെന്ന് ആർടിഒ ആർ.രാജീവ് അറിയിച്ചു. കുമളിയിൽ നിന്നും ആറു ബസുകളാണ് അന്തർ സംസ്ഥാന സർവീസുകൾ നടത്തുന്നത്. ഇതിൽ പരിശോധന വേളയിൽ സർവീസ് നടത്തിയ നാലു ബസുകളാണ് പിടികൂടിയത്.
മൂന്നാറിൽ നിന്നും ബോഡിമെട്ട് ചെക്ക് പോസ്റ്റ് വഴി സർവീസ് നടത്തുന്ന അന്തർ സംസഥാന സർവീസ് ബസുകളിലും ഇന്നലെ രാത്രിയിലും ഇന്നു പുലർച്ചെയുമായി പ്രത്യേക സ്ക്വാഡ് പരിശോധന നടത്തി. യാത്രക്കാരെ മർദിച്ചതിനെ തുടർന്ന് വിവാദത്തിലായ കല്ലട ഗ്രൂപ്പിന്റെ ബസുകളാണ് കുമളിയിൽ നിന്നും സംസ്ഥാനാന്തര സർവീസുകൾ നടത്തുന്നത്. അന്യ സംസ്ഥാനത്തു രജിസ്റ്റർ ചെയ്തതിനു പുറമെ പെർമിറ്റിന്റെ ലംഘനവും കണ്ടെത്തിയിട്ടുണ്ട്.
യാത്രക്കാരെ ഒരു സ്ഥലത്തു നിന്നും കയറ്റി ബാംഗ്ലൂർ , ചെന്നൈ പോലെയുള്ള പ്രധാന പോയിന്റുകളിൽ എത്തിക്കുകയെന്ന പെർമിറ്റാണ് ഇവർക്കുള്ളത്. എന്നാൽ അപ്രധാനമായ സ്റ്റോപ്പുകളിൽ നിന്നു പോലും ആളുകളെ കയറ്റിയിറക്കി സർവീസ് നടത്തുന്നുവെന്നതും നിയമലംഘനമായി കണ്ടെത്തി. ഇതിന്റെ പേരിലാണ് പിഴ ഈടാക്കിയത്.
ഇതു കൂടാതെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെ പ്രധാന സ്ഥലങ്ങളിൽ യാതൊരു മാനദണ്ഡവും ഇല്ലാത പ്രവർത്തിക്കുന്ന ബസ് ബുക്കിംഗ് ഓഫീസുകൾക്കെതിരെയും മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. മതിയായ രേഖകളോ ലൈസൻസോ ഇല്ലാതെ പ്രവർത്തിക്കുന്ന ബുക്കിംഗ് ഓഫീസുകൾ പൂട്ടണമെന്ന് കാണിച്ച് മോട്ടോർ വാഹന വകുപ്പ് ഇത്തരം സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
കുമളി, മൂന്നാർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ബുക്കിംഗ് ഓഫീസുകൾക്കാണ് നോട്ടീസ് നൽകിയത്. വരും ദിവസങ്ങളിൽ മതിയായ രേഖകളില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം.